ഏതൊരു രാജ്യത്തിന്റെയും സമഗ്രവും വേഗത്തിലുള്ളതുമായ വികസനം ഉറപ്പാക്കുന്നതിന് സ്ത്രീ ശാക്തീകരണം അനിവാര്യമാണ്. സാമ്പത്തിക, സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ സജീവ പങ്കാളികളാകുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ പുരോഗതി കൈവരിക്കാന്‍ കഴിയൂ. വികസനത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുമ്പോള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും ഒരു പ്രത്യക്ഷ ഉദാഹരണമായി മാറുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഉറച്ച കാവല്‍ക്കാരായി ഒരേസമയം സേവനമനുഷ്ഠിക്കുന്നതോടൊപ്പം ലോകത്തിലെ ഭക്ഷ്യ ഉല്‍പാദനത്തിന്റെ പകുതിയോളം സ്ത്രീകളുടെ സംഭാവനയാണെന്നത് ഒരു വസ്തുതയാണ്. വീടകങ്ങളിലും വിശാലമായ സമ്പദ്വ്യവസ്ഥയിലും അവരുടെ പങ്ക് സുസ്ഥിരവും സമഗ്രവുമായ വളര്‍ച്ച കൈവരിക്കുന്നതിന് നിര്‍ണായകമാണ്.
ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും രാഷ്‌ട്രനിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനും ഭാരതം ശ്രമങ്ങള്‍ നടത്തിവരികയാണ്. സ്ത്രീകളെ ശാക്തീകരിക്കുക എന്നത് കേവലം ഒരു സാമൂഹിക ബാധ്യതയല്ല, മറിച്ച് ദാരിദ്ര്യം, വിശപ്പ് എന്നിവയെ ചെറുക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്ന ഒരു തന്ത്രപരമായ ആവശ്യകതയാണ്. അന്താരാഷ്‌ട്ര തലത്തില്‍, ഗ്രാമീണ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള സംയുക്ത പരിപാടി പ്രശംസനീയമായ ഒരു സംരംഭമായി നിലകൊള്ളുന്നു. എഫ്എഒ, ഐഎഫ്എഡി, ഡബ്ല്യുഎഫ്പി, യുഎന്‍ വിമന്‍ എന്നിവര്‍ ചേര്‍ന്ന് നടപ്പിലാക്കുന്ന ഈ പരിപാടി, ഗ്രാമീണ സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്താനും, അവരുടെ അവകാശങ്ങള്‍ മനസ്സിലാക്കാനും, സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവര്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ സ്വാധീനം നേടാനും സഹായിക്കുന്നു.
ഭാരതത്തില്‍, തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം സമീപ വര്‍ഷങ്ങളില്‍ ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഡാറ്റ കാണിക്കുന്നത് സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് 2017-18ല്‍ 23 ശതമാനത്തില്‍ നിന്ന് 2023-24ല്‍ 42 ശതമാനമായി വര്‍ദ്ധിച്ചു, ഇത് ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയെ അടയാളപ്പെടുത്തുന്നു.
നൈപുണ്യ വികസനം, ഔപചാരിക തൊഴില്‍, ദീര്‍ഘിപ്പിച്ച പ്രസവ-ശിശു സംരക്ഷണ അവധി ഉള്‍പ്പെടെയുള്ള സ്ത്രീ സൗഹൃദ ജോലി സ്ഥല നയങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സര്‍ക്കാര്‍ നടപടികളാണ് ഈ ശ്രദ്ധേയമായ പുരോഗതിക്ക് കാരണം. ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍ക്ക് അവരുടെ തൊഴിലുകള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയും. സാമ്പത്തിക സ്വാതന്ത്ര്യം നേടിക്കഴിഞ്ഞാല്‍, അവര്‍ സ്വന്തം ക്ഷേമത്തിന് മാത്രമല്ല, അവരുടെ കുടുംബങ്ങളുടെ മൊത്തത്തിലുള്ള വികസനത്തിനും സംഭാവന നല്‍കുന്നു. അവര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്‌ക്കുന്നു, മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നു, വീട്ടില്‍ സാമ്പത്തിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നു. ഇന്ന് പല സ്ത്രീകളും അവരുടെ ദൃഢനിശ്ചയത്തിലൂടെയും പ്രതിരോധശേഷിയിലൂടെയും രാഷ്‌ട്രീയം, വ്യവസായം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നു. അവര്‍ അവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ്, സമൂഹത്തില്‍ അവരുടെ ശരിയായ സ്ഥാനം ഉറപ്പിക്കുന്നു.
ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങള്‍ സ്ത്രീകളില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തുകയും വിദ്യാഭ്യാസം, സംരംഭകത്വം, നേതൃപാടവം എന്നിവ പിന്തുടരാന്‍ അവരെ പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യാന്‍ ശ്രമിക്കുന്ന വനിതാ സംവരണ ബില്‍, അവരുടെ രാഷ്‌ട്രീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള മറ്റൊരു നാഴികക്കല്ലാണ്. അതുപോലെ, രാജ്യത്തുടനീളമുള്ള സ്വയം സഹായ സംഘങ്ങളുടെ (എസ്എച്ച്ജി) ശൃംഖല, മൈക്രോഫിനാന്‍സ്, സംരംഭകത്വം, നൈപുണ്യ വികസനം എന്നിവയിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിലും, അടിസ്ഥാന തലത്തില്‍ സാമ്പത്തിക പ്രതിരോധശേഷി വളര്‍ത്തുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു. സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ, കൂടുതല്‍ തുല്യവും നീതിയുക്തവും സമൃദ്ധവുമായ ഒരു സമൂഹത്തിന് നാം അടിത്തറയിടുന്നു. സ്ത്രീകളെ ഉയര്‍ത്തുന്ന ഒരു രാഷ്‌ട്രം സ്വയം ഉയരുന്നു. കാരണം സ്ത്രീ ശാക്തീകരണം സാമൂഹ്യ നീതിയുടെ മാത്രം കാര്യമല്ല, മറിച്ച് സുസ്ഥിരമായ സാമൂഹിക-സാമ്പത്തിക പുരോഗതിയുടെ സത്തയാണ്.
















