തിരുവനന്തപുരം; കേരളത്തിൽ ഇന്നും ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണം. നദീതീരങ്ങൾ, അണക്കെട്ടുകളുടെ താഴെയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്നവരും നിർദേശമനുസരിച്ച് മാറണം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരളം, കർണാടക തീരങ്ങളിലും സമുദ്രഭാഗങ്ങളിലും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ കാറ്റു വീശാൻ സാധ്യതയുണ്ട്. ചില അവസരങ്ങളിൽ കാറ്റിന്റെ വേഗം 60 കിലോമീറ്റർ വരെയെത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മോശം കാലാവസ്ഥയ്‌ക്ക് സാധ്യതയുള്ളതിനാൽ ഈ മാസം27 വരെ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്നും നിർദ്ദേശമുണ്ട്.
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.















