തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ അടക്കം പരിഹാസമുയര്‍ന്നിട്ടും കെ പി സി സി വെബ്സൈറ്റ് അപ്‌ഡേറ്റ് ചെയ്യാന്‍ തയ്യാറാകാതെ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്‌റെ സോഷ്യല്‍ മീഡിയാവിംഗ് നിര്‍ജ്ജീവമാണെന്ന വ്യാപക പരാതി പാര്‍ട്ടിക്കുള്ളില്‍തന്നെ നിലനില്‍ക്കെ സ്വന്തം വെബ്‌സൈറ്റ് നേതാക്കള്‍പോലും കാണുന്നില്ലെന്നതാണ് ഇതു വ്യക്തമാക്കുന്നത്. സ്ഥാനമൊഴിഞ്ഞ് ആറു മാസത്തിലേറെയായിട്ടും കെ സുധാകരനെ തന്നെയാണ് ഇപ്പോഴും കെ പി സി സി വെബ്സൈറ്റില്‍ പാര്‍ട്ടി അധ്യക്ഷനായി അവതരിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം പലരും ചൂണ്ടിക്കാട്ടിയിട്ടും തിരുത്താന്‍ കോണ്‍ഗ്രസില്‍ സംവിധാനമില്ലാത്ത അവസ്ഥയാണ്. പ്രസിഡന്റായി കെ.സുധാകരനെ അവതരിപ്പിക്കുന്ന വെബ്‌സൈറ്റില്‍ രാഹുല്‍ഗാന്ധിയുടേയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‌റെയും ദേശീയ അധ്യക്ഷന്‍ ഖാര്‍ഗെയുടെയും ചിത്രമുണ്ട്. സണ്ണി ജോസഫിനെക്കുറിച്ച് ഒരിടത്തും പറയുന്നുമില്ല.
















