കൊച്ചി : ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ മുരാരി ബാബുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സ്വര്‍ണപ്പാളികള്‍, ചെമ്പെന്ന് രേഖപ്പെടുത്തിയത് മനപ്പൂര്‍വമെന്നാണ് പറയുന്നത്. 1998ല്‍ തന്നെ പാളികള്‍ സ്വര്‍ണം പൂശിയതായി മുരാരി ബാബുവിന് അറിവുണ്ടായിരുന്നു.തട്ടിപ്പിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
മുരാരി ബാബു ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നു. ഇയാള്‍ ക്ഷേത്ര ശ്രീകോവില്‍ കട്ടളയിലെ സ്വര്‍ണം കവര്‍ന്ന കേസിലും പ്രതിയാണെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞു. വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മുരാരി ബാബുവിനെ ആഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ടില്ല. പിന്നീട് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കഴിഞ്ഞ രാത്രി പത്തു മണിയോടെ പെരുന്നയിലെ വീട്ടില്‍ നിന്നാണ് മുരാരി ബാബുവിനെ കസ്റ്റഡിയില്‍ എടുത്തത്.
















