കൊച്ചി : ശബരിമല മേല്‍ശാന്തിയുടെ ഈ വര്‍ഷത്തെ സഹായികളുടെ മുഴുവന്‍ പേര് വിവരങ്ങളും ഹാജരാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി ഹൈക്കോടതി ദേവസ്വം ബെഞ്ച്. സന്നിധാനത്ത് സേവനത്തിന് എത്തും മുമ്പ് ഇവരുടെ രേഖകള്‍ ശേഖരിച്ച് പരിശോധിച്ചിട്ടുണ്ടോ എന്ന് അറിയിക്കണം.പൂര്‍വകാല പശ്ചാത്തലവും പരിശോധിച്ചിട്ടുണ്ടോ എന്ന് അറിയിക്കണം.മേല്‍ശാന്തി നിയമനം സംബന്ധിച്ച് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് നിര്‍ദേശങ്ങള്‍.
ഇവരില്‍ ആരെങ്കിലും വ്യത്യസ്ത മേല്‍ശാന്തിമാരുടെ കീഴില്‍ മുന്‍കാലങ്ങളില്‍ സന്നിധാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും അറിയിക്കണം. ഇതില്‍ ആരെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ ആര്‍ക്കാണ് ഉത്തരവാദിത്വമെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യങ്ങളില്‍ വിശദമായ സത്യവാംഗ്മൂലം നല്‍കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശം
സന്നിധാനത്തെ മേല്‍ശാന്തിയുടെ കര്‍ത്തവ്യങ്ങളും ആചാരങ്ങളും നിര്‍വഹിക്കുന്നതിന് സഹായിക്കാന്‍ ഏകദേശം 20 വ്യക്തികളെ മേല്‍ശാന്തി തന്നെ കൊണ്ടുവരുന്നുണ്ട്. അത്തരം വ്യക്തികള്‍ മേല്‍ശാന്തിയുടെ മുഴുവന്‍ കാലാവധിയിലും അദ്ദേഹത്തിന്റെ വിവേചനാധികാരത്തിലും സേവനം ചെയ്യുന്നുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ കോടതിയില്‍ പറഞ്ഞു.മേല്‍ശാന്തിക്ക് ഓണറേറിയം മാത്രമേ നല്‍കുന്നുള്ളൂ. അദ്ദേഹത്തെ സഹായിക്കുന്ന വ്യക്തികള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യാതൊരു പ്രതിഫലമോ സാമ്പത്തിക ആനുകൂല്യമോ നല്‍കുന്നില്ലെന്നും സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ വാദിച്ചു.
















