പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ മുരാരി ബാബുവിനെ രണ്ട് ആഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ടില്ല.കോടതിയില്‍ കസ്റ്റഡി അപേക്ഷ പിന്നീട് നല്‍കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തത്.സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇതേ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അന്വേഷണസംഘം കസ്റ്റഡി അപേക്ഷയും സമര്‍പ്പിച്ചിരുന്നു.
സ്വര്‍ണക്കൊള്ളയിലെ അന്വേഷണം ഉണ്ണികൃഷ്ണന്‍ പോറ്റിയിലും സ്വര്‍ണപ്പാളിയിലും മാത്രം ഒതുക്കരുതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാലറിപ്പോര്‍ട്ടിനു ശേഷം ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചപ്പോഴാണ് മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രാത്രി പത്തു മണിയോടെ പെരുന്നയിലെ വീട്ടില്‍ നിന്നാണ് മുരാരി ബാബുവിനെ കസ്റ്റഡിയില്‍ എടുത്തത്. അര്‍ധരാത്രി കഴിഞ്ഞ് തിരുവനന്തപുരം ഈഞ്ചക്കലുള്ള ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു ചോദ്യം ചെയ്തു.രാവിലെ ഒന്‍പത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.
സ്വര്‍ണക്കൊള്ളയ്‌ക്ക് വഴിയൊരുക്കിയെന്ന് അന്വേഷണ സംഘം കരുതുന്ന മുരാരി ബാബു രണ്ടു കേസുകളിലും രണ്ടാം പ്രതിയാണ്.1998ല്‍ ചെമ്പ് പാളികളില്‍ സ്വര്‍ണം പൊതിഞ്ഞെന്നു ധാരണ ഉണ്ടായിട്ടും 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ ചെമ്പ് പാളിയെന്ന് മുരാരി ബാബു രേഖ ഉണ്ടാക്കിയെന്ന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു.
















