പള്ളിക്കത്തോട്: ശ്രീഹനുമാന്‍ സ്വാമിക്കൊപ്പം ദേശാധിപനായി കുടികൊള്ളുന്ന ആനിക്കാട് ശ്രീ ശങ്കരനാരായണ മൂര്‍ത്തിയെ ദര്‍ശിക്കുന്നതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തി. ശ്രീശങ്കരനാരായണ മൂര്‍ത്തിക്ക് ഏറ്റവും പ്രധാനമായ തുളസിയും കൂവള ഇലകളും ചേര്‍ന്ന മാലയും കെടാവിളക്കിന് നെയ്യും അദ്ദേഹം ശ്രീകോവിലിനു മുന്‍പില്‍ വച്ചു.
തുടര്‍ന്ന് ക്ഷേത്ര സങ്കേതത്തില്‍ അതി തേജ പ്രതാപിയായി വാണരുളുന്ന ശ്രീ ആഞ്ജനേയസ്വാമിക്ക് ഗദ സമര്‍പ്പിച്ച് കെടാവിളക്കിനുള്ള നെയ്യ്, അവല്‍ നേദ്യം തുടങ്ങിയ വഴിപാടുകള്‍ നടത്തി. ശ്രീഹനുമാന്‍ സ്വാമിക്ക് ഗദ സമര്‍പ്പിക്കുന്നത് ഉദ്ദിഷ്ട കാര്യസാധ്യങ്ങള്‍ക്കും, തൊഴില്‍ സംബന്ധവും, വസ്തു വ്യവഹാരങ്ങള്‍ക്കും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് എന്നാണ് വിശ്വാസം. റബര്‍ ബോര്‍ഡംഗം എന്‍. ഹരി അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ആനിക്കാട് ശ്രീ ശങ്കരനാരായണ സേവാ സംഘം പ്രസിഡന്റ് ആര്‍. രാജേഷ്, സെക്രട്ടറി രതീഷ് കട്ടച്ചിറ, ട്രഷര്‍ പി.എസ്. പ്രസന്നകുമാര്‍, മാതൃസമിതി രക്ഷാധികാരി സി.എന്‍. വാസന്തിയമ്മ എന്നിവരോടൊപ്പം സേവാ സംഘം ഭാരവാഹികള്‍, മാതൃസമിതി അംഗങ്ങള്‍, നിരവധി ഭക്തജനങ്ങള്‍ എന്നിവര്‍ അദ്ദേഹത്തിന്റെ ദര്‍ശന സമയത്ത് ക്ഷേത്രത്തില്‍ എത്തിയിരുന്നു.
















