കാസര്‍കോട്: ഉദുമയില്‍ സിപിഎം നേതാവിന്റെ മകളുടെ വീഡിയോ പുറത്തുവന്നതിനെ കുറിച്ച് പ്രതികരണവുമായി ബിജെപി കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു.
കുറിപ്പ് ഇങ്ങനെ; കാള പെറ്റെന്നു കേട്ട ഉടന്‍ കയര്‍ എടുക്കുന്നവരോട്: ‘കമ്മ്യൂണിസം വീട്ടിന്ന് പുറത്ത് മതി…’ അരയ്‌ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ട മകള്‍ പറയുന്ന ദീനരോദനം കേട്ടാല്‍ ആരും ഒന്ന് പതറിപ്പോകും. ധാര്‍മികരോഷം കൊള്ളും, സ്വാഭാവികം. പക്ഷേ സത്യമെന്താണെന്നറിയാതെ വീഡിയോ പ്രചരിപ്പിക്കുന്നത് രണ്ടര വര്‍ഷമായി തളര്‍ന്നുകിടക്കുന്ന, ലക്ഷങ്ങള്‍ ചിലവഴിച്ച് മകളെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്ന ആ മാതാപിതാക്കളോട് ചെയ്യുന്ന കടുത്ത ക്രൂരതയായിരിക്കും. പറഞ്ഞുവന്നത് ഉദുമയിലെ സിപിഎം നേതാവ് പി.വി. ഭാസ്‌കരന്റെ മകള്‍ സംഗീതയുടെ വീഡിയോ സംബന്ധിച്ചാണ്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ അച്ഛന്‍ തന്നെ വീട്ടുതടങ്കലില്‍ വെച്ചിരിക്കുകയാണെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച് പൊതുസമൂഹത്തിന്റെ ഇടപെടല്‍ ഉറപ്പുവരുത്താനാണ് വിവാഹമോചിതയും 13 വയസുള്ള കുട്ടിയുടെ അമ്മയും കൂടിയായ സംഗീത ശ്രമിക്കുന്നത്. ഭാസ്‌കരേട്ടന്‍ കമ്മ്യൂണിസ്റ്റുകാരനാണ്, സംശയമില്ല.
രണ്ടര വര്‍ഷം മുമ്പ് റോഡ് അപകടത്തില്‍ സാരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മകള്‍ക്ക് വേണ്ടി അദ്ദേഹം സുമാര്‍ 55 ലക്ഷം രൂപ ചിലവഴിച്ചു. ഇപ്പോഴും ചികിത്സ തുടരുകയാണ്. അതിനിടയിലാണ് റാഷിദ് എന്നയാള്‍ ചികിത്സിക്കാനായി വീട്ടിലെത്തുന്നത്. വീട്ടില്‍ വെച്ച് കുറെ ദിവസം ചികിത്സിച്ചു. സംഗീതയുടെ ദൗര്‍ബല്യം മുതലെടുത്ത് ബ്രെയിന്‍വാഷ് ചെയ്ത് സഹായിക്കുന്നതിന്റെ മറവില്‍ തന്റെ ചില രഹസ്യ അജണ്ട നടപ്പിലാക്കാന്‍ ഇയാള്‍ പദ്ധതി തയാറാക്കുന്നു. അതില്‍ സംഗീത വീഴുന്നു. ഈ ഗൂഢാലോചന മനസിലാക്കിയ ഭാസ്‌കരേട്ടനും കുടുംബവും മകളെ ഈ ചതിക്കുഴിയില്‍ വീഴുന്നത് തടയാന്‍ ശ്രമിക്കുന്നു. പിന്നിട് സംഗീതയെ വീട്ടുതടവില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റാഷിദ് തന്റെ സുഹൃത്തായ അര്‍ജുന്‍ വഴി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്യുന്നു.
ഹൈക്കോടതി ജഡ്ജിമാര്‍ സംഗീതയുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുന്നു. മാസങ്ങള്‍ നീണ്ട വിചാരണക്കൊടുവില്‍ ഗൂഢാലോചന പുറത്തുവരുമെന്ന് ഉറപ്പായപ്പോള്‍ കേസ് പിന്‍വലിച്ച് കണ്ടംവഴി ഓടി. കേസ് പിന്‍വലിക്കാന്‍ അനുവാദം കൊടുത്തുകൊണ്ടുള്ള ഹൈക്കോടതിയുടെ വിധിയില്‍ ഹര്‍ജിക്കാരനെതിരായ ശക്തമായ നിരീക്ഷണം ഉണ്ടായി. സംഗീതയ്‌ക്കും മൂന്നാം എതിര്‍കക്ഷിയായ അച്ഛന്‍ പി.വി. ഭാസ്‌കറിനും പോലീസ് സംരക്ഷണം നല്‍കാന്‍ കൃത്യമായ നിര്‍ദേശവും ഹൈക്കോടതി നല്‍കി. ഈ സംഭവം പരാജയപ്പെട്ടപ്പോഴാണ് പുതിയ അടവുമായി വീഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തുവരുന്നത്.
സംഗീതയെ ബ്രെയിന്‍വാഷ് നടത്തി സ്വന്തമാക്കിയതിനുശേഷം അപകട ഇന്‍ഷുറന്‍സ് തട്ടിയെടുക്കുകയോ ജീവകാരുണ്യത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തി തന്റെ സ്വാര്‍ത്ഥത നേടിയെടുക്കുകയോ മറ്റുമാണ് റാഷിദിന്റെ ലക്ഷ്യം. ഒപ്പം ജിഹാദ് നടപ്പിലാക്കുക… ഇത് മനസിലാക്കാതെ വീഡിയോ പ്രചരിപ്പിച്ച് വാര്‍ത്ത പടച്ചുവിടുന്നവര്‍ അറിയുന്നില്ല വേദനിക്കുന്ന മാതാപിതാക്കളുടെ വിഷമം. ഇത്രയുമായിട്ടും ആ മകളെ ചേര്‍ത്തുപിടിക്കുന്ന ആ മാതാപിതാക്കളെ സമൂഹം ചേര്‍ത്തുപിടിക്കണം ഒപ്പം ജിഹാദി അജണ്ട തിരിച്ചറിയണമെന്നുമാണ് എന്റെ അഭ്യര്‍ത്ഥന. കൂടാതെ ഇതിന്റെ പിന്നിലുള്ള മുഴുവന്‍ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെടുകയാണ്.
















