പൂവാര്‍ : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര വീണ് വീട് മുഴുവനും തകര്‍ന്നു. മേല്‍ക്കൂരയില്‍ നിന്നും ഓട് മുറിക്കുള്ളില്‍ പതിച്ച ശബ്ദം ഒരു കുടുംബത്തിന് രക്ഷയായി. ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന ലൂര്‍ദ്ദ്‌മേരി കണ്ടത് കോരിച്ചൊരിയുന്ന മഴവെള്ളം മുറിക്കുള്ളിലേക്ക് പതിയ്‌ക്കുന്നത്. ചാടി എണീറ്റ് ഭര്‍ത്താവിനെയും രണ്ടുമക്കളെയും വിളിച്ചുണര്‍ത്തി.
വീശിയടിക്കുന്ന കാറ്റിനെയും തകര്‍ത്ത് പെയ്യുന്ന മഴയെയും വകവയ്‌ക്കാതെ പുറത്തിറങ്ങുന്നതിനിടയില്‍ മേല്‍ക്കൂര പൂര്‍ണ്ണമായി നിലം പൊത്തി. കിടപ്പാടം നഷ്ടമായെങ്കിലും നാല് ജീവനുകള്‍ക്ക് രക്ഷികനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് വിഴിഞ്ഞം കോട്ടുകാല്‍ അമ്പലത്തും മൂലസെന്റ് ആന്റണീസ് കുരിശടിക്ക് സമീപം താമസിക്കുന്ന ലൂര്‍ദ്ദ് മേരി.
ചൊവ്വാഴ്ച രാത്രിയില്‍ ചെയ്ത കനത്ത മഴയും കാറ്റുമാണ് ഈ കുടുംബത്തിന്റെ വീട് തകര്‍ത്തത്. മത്സ്യത്തൊഴിലാളിയായ പനിയടിമയും മക്കളായ കൊച്ചുത്രേസ്യ, ജോതി എന്നിവരോടൊപ്പമാണ് ലൂര്‍ദ്ദ് മേരി ഉറങ്ങാന്‍ കിടന്നത്. രാത്രി 11 മണിയോടെ മുറിക്കുള്ളില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട ലൂര്‍ദ്ദ്‌മേരി ഞെട്ടിയുണര്‍ന്നു. ഓട് പൊട്ടി വീണ വിടവില്‍ കൂടി മഴവെള്ളം ശക്തമായി മുറിക്കുള്ളിലേക്ക് വീണ് കൊണ്ടിരുന്നു. പന്തികേട് തോന്നിയതോടെയാണ് എല്ലാപേരയം വിളിച്ചുണര്‍ത്തി വീട്ടിനു പുറത്തറിക്കി.
തൊട്ടടുത്ത് താമസിക്കുന്ന അമ്മയുടെ വീട്ടിലേക്ക് പോകാനായിരുന്നു ലക്ഷ്യം. ഒന്ന് മാറുന്നതിനിടയില്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് മേല്‍ക്കൂരയും കഴുക്കോലുമെല്ലാം വലിയ ശബ്ദത്തോടെ നിലം പതിച്ചു. മയക്കത്തിനിടയിലും ഒരു നിമിഷംപോലും പാഴാക്കാതെ എടുത്ത തീരുമാനമാണ് കുടുംബത്തിന് അനുഗ്രഹമായത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും എല്ലാം മഴയില്‍ കുതിര്‍ന്ന് നഷ്ടമായി. അമ്മയുടെ വീട്ടില്‍ അഭയം തേടി.
നഷ്ടപരിഹാരത്തിന് വില്ലേജിലും പഞ്ചായത്തിലും അപേക്ഷ നല്‍കി സര്‍ക്കാരിന്റെ കരുണയും കാത്തിരിക്കുകയാണ് ഈനിര്‍ദ്ധന കുടുംബം.
















