ബെയ്ജിംഗ്: അപൂര്‍വ്വ ധാതുക്കള്‍ അമേരിക്കയ്‌ക്ക് നല്‍കാത്ത ചൈനയ്‌ക്കെതിരെ 150 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ചൈനയുടെ പ്രതികാരം. ഏഴ് വർഷത്തിനിടെ ആദ്യമായി അമേരിക്കയിൽ നിന്നും സോയാബീൻ ഇറക്കുമതി റദ്ദാക്കായിരിക്കുകയാണ് ചൈന. സെപ്തംബറില്‍ നിന്നും അമേരിക്കയില്‍ നിന്നും സോയബീന്‍ ഒരു കിലോ പോലും ഇറക്കുമതി ചെയ്തില്ല. കഇതോടെ അമേരിക്കയിലെ സോയബീന്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. പകരം ചൈന ബ്രസീലില്‍ നിന്നും 10.96 ദശലക്ഷം മെട്രിക് ടണ്‍ സോയബീന്‍ ഇറക്കുമതി ചെയ്തു. ഉറുഗ്വേ, അര്‍ജന്‍റീന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ചൈന സെപ്തംബറില്‍ സോയബീന്‍ ഇറക്കുമതി ചെയ്തിരുന്നു. 2025 അവസാനം വരേയ്‌ക്കും ഉപയോഗിക്കാനുള്ള സോയബീന്‍ ചൈനയുടെ കയ്യില്‍ ഉണ്ടെന്ന് പറയപ്പെടുന്നു.
2024ല്‍ 1.14 ലക്ഷം കോടി രൂപയുടെ സോയാബീന്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത രാജ്യമാണ് ചൈന. ലോകത്തിലെ ഏറ്റവും വലിയ സോയാബീൻ ഇറക്കുമതിക്കാരാണ് ചൈന. അതുകൊണ്ടുതന്നെ അന്താരാഷ്‌ട്ര വിപണിയില്‍ ചൈനയുടെ തീരുമാനങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. പ്രധാനമായും പന്നികള്‍ക്കുള്ള തീറ്റ ഉണ്ടാക്കാനും പാചകയെണ്ണ നിര്‍മ്മിക്കാനുമാണ് ചൈന സോയാബീന്‍ ഉപയോഗിക്കുന്നത്. പക്ഷെ ഇപ്പോള്‍ അത് പൂജ്യമായി മാറിയതോടെ അമേരിക്കയിലെ സോയബീന്‍ കര്‍ഷകര്‍ ട്രംപിന് മീതെ സമ്മര്‍ദ്ദം ചെലുത്തുകയാണ്.
അമേരിക്കയിലെ സോയബീന്‍ കര്‍ഷകര്‍ക്കാകട്ടെ അവരുടെ വിളവ് അപ്പപ്പോള്‍ പുറത്തേക്ക് കയറ്റുമതി ചെയ്തില്ലെങ്കില്‍ അത് വലിയ പ്രതിസന്ധിയ്‌ക്ക് കാരണമാകും. യുഎസിലെ സോയാബീന്‍ കര്‍ഷകർക്ക് തലവേദനയാണ് ചൈനയുടെ ഈ തീരുമാനം.
മുന്‍പൊരിക്കല്‍ അമേരിക്കയുമായി വ്യാപാര യുദ്ധം ഉണ്ടായപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ചൈനീസ് വ്യവസായികള്‍ ബ്രസീലില്‍ നിന്ന് മാസങ്ങളോളം സോയാബീന്‍ ഇറക്കുമതി ചെയ്ത് ശേഖരിച്ച് വെച്ചിരുന്നു. അതേ രീതിയിലാണ് ഇപ്പോഴും സെപ്തംബറില്‍ 12.87 ദശലക്ഷം സോയാബീന്‍ വാങ്ങി ശേഖരിച്ചത്. നിലവിലെ കരുതല്‍ ശേഖരം 2025 അവസാനം വരെ തികയുമെന്നതിനാല്‍ അമേരിക്കയിലെ സോയബീന്‍ കര്‍ഷകരോട് ട്രംപ് സമാധാനം പറയേണ്ട സ്ഥിതിയാണ്.
















