തെൽഅവീവ്: കൊല്ലപ്പെട്ട ഹമാസ് തലവൻ യഹ്‌യ സിൻവാറിന്റെ മൃതദേഹം കത്തിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ ഗതാഗത മന്ത്രി. ഭൗതികാവശിഷ്ടങ്ങൾ തിരികെ നൽകരുതെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഇസ്രായേലി ഗതാഗത മന്ത്രി മിരി റെഗെവ് ആവശ്യപ്പെട്ടു. ചില അടയാളങ്ങൾ ഒരിക്കലും തിരികെ നൽകരുതെന്നും റെഗെവ് പറഞ്ഞു.
ഉസാമ ബിൻ ലാദന്റെ ഭൗതികാവശിഷ്ടങ്ങളോടുള്ള അമേരിക്കൻ നടപടിയെ തന്റെ നിർദേശത്തോട് താരതമ്യം ചെയ്ത റെഗെവ്, സിൻവാറിനെ രക്തസാക്ഷിയാക്കുന്നത് ഒഴിവാക്കാൻ മൃതദേഹാവശിഷ്ടങ്ങൾ സംസ്‌കരിക്കാൻ വിട്ടുനൽകരുതെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി സിൻവാറിന്റെ മൃതദേഹം തിരികെ നൽകുന്നത് സംബന്ധിച്ച് ഇസ്രായേൽ- ഹമാസ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു കൊല്ലപ്പെട്ട യഹ്‌യ സിൻവാർ. ഇതുൾപ്പെടെ എന്നും ഹമാസിന്റെ ഇസ്രായേൽ വിരുദ്ധ പോരാട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രധാന തീവ്രവാദികളിലൊരാളായിരുന്നു സിൻവാർ.
















