കൊച്ചി :സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി എച്ച് എം.ടി യുടേയും എന്‍.എ.ഡിയുടേയും ഭൂമി പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന് കൈമാറി. റോഡ് നിര്‍മ്മാണം രണ്ട് പതിറ്റാണ്ടിലേറെ തടസപ്പെടുന്നതിന് കാരണമായ ഭൂമി പ്രശ്‌നം ഇതോടെ പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടു. ഈ ഭാഗത്തെ റോഡ് നിര്‍മ്മാണം ഉടനെ ആരംഭിക്കും. ഇരുമ്പനം മുതല്‍ നെടുമ്പാശ്ശേരി വരെ 25.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് പദ്ധതി, കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതും കൊച്ചി വിമാനത്താവളത്തിലേക്ക് എളുപ്പത്തില്‍ എത്താന്‍ സൗകര്യമൊരുക്കുന്നതുമായ പാതയാണ്.
സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് നിര്‍മ്മാണത്തിലെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന എച്ച്.എം.ടി മുതല്‍ എന്‍.എ.ഡി വരെയുള്ള ഭാഗത്തിനാണ് എച്ച്.എം.ടി ഭൂമി ആവശ്യമായി വന്നത്. തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ ബ്ലോക്ക് 5 ല്‍ ഉള്‍പ്പെട്ട 1.4015 ഹെക്ടര്‍ ഭൂമിയാണ് കൈമാറിയത്. ഭൂമിക്കുള്ള വില സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലിനായി അനുവദിച്ച 37,90,90662 രൂപയാണ് ഇപ്രകാരം കൈമാറിയത്. ദേശസാല്‍കൃത ബാങ്കില്‍ തുക കെട്ടിവെക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ സുപ്രീം കോടതി നേരത്തെ അനുവദിച്ചിരുന്നു.
സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വികസനത്തിനായി എന്‍.എ.ഡി.യില്‍ നിന്ന് വിട്ടു കിട്ടേണ്ട 2 .4967 ഹെക്ടര്‍ ഭൂമിയും കൈമാറി.
















