തിരുവനന്തപുരം::തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് റെക്കോഡ് ഏക്കത്തുക. ഒരു പൂരത്തില്‍ എഴുന്നെള്ളാന്‍ 13.56 ലക്ഷം രൂപയാണ് നല്‍കുക.
തൃശൂരിലെ അക്കിക്കാവ് പൂരത്തിലാണ് ഈ റെക്കോഡ് തുകയ്‌ക്ക് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ എന്ന എഴുന്നെള്ളിപ്പുകളിലെ ഏറ്റവും ലക്ഷണമൊത്ത ഈ ആന തിടമ്പേന്തുക. കൊങ്ങണൂര്‍ ദേശം പൂരാഘോഷക്കമ്മിറ്റിയാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ സ്വന്തമാക്കിയത്.
വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടൽ, ഉറച്ച കാലുകൾ, എന്നിവയാണ് രാമചന്ദ്രന്റെ പ്രത്യേകതകൾ. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെയുള്ള ഈ ആന എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാൽ തിടമ്പിറക്കും വരെയും തല എടുത്തുപിടിച്ചുനിൽക്കുമെന്നതാണ് ആകർഷണീയത. 1984 ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങുന്നത്. അന്ന് ഭഗവതിയുടെ നടയ്‌ക്കിരുത്തി രാമചന്ദ്രൻ എന്ന പേര് നൽകി. അങ്ങിനെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ആയി മാറി.
















