ന്യൂദൽഹി: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിനെതിരെ വിഷം തുപ്പുന്നത് കോൺഗ്രസിന്റെ ശീലമായി മാറിയിരിക്കുന്നുവെന്ന് മുതിര്‍ന്ന ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഇന്ദ്രേഷ് കുമാര്‍. ആർഎസ്‌എസിനെ വിമർശിച്ചുകൊണ്ട് കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ നടത്തിയ പരാമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം വളർത്തുന്നതിനുപകരം കോൺഗ്രസ് ഭിന്നതയ്‌ക്ക് കാരണമായത് രാജ്യത്തിന്റെ തുടർച്ചയായ ദൗർഭാഗ്യമാണ്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ വിമർശിക്കുന്നത് ആ പാർട്ടിയുടെ ഒരു ശീലമായി മാറിയിരിക്കുന്നു. ഇപ്പോൾ ആർഎസ്‌എസിനെക്കുറിച്ച് വിഷം തുപ്പുന്നത് കോൺഗ്രസ് പാർട്ടിയുടെ ശീലമായി മാറിയിരിക്കുന്നു. അവർ ആർഎസ്‌എസിനെ നന്നായി മനസ്സിലാക്കുകയും ആർഎസ്‌എസിനെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കുകയും വേണമെന്നും കുമാർ ആവശ്യപ്പെട്ടു.
സർക്കാർ സ്കൂളുകളിലും കോളേജുകളിലും ആർഎസ്‌എസ് പ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അഭ്യർത്ഥിച്ചതിന് ശേഷമാണ് പ്രിയങ്ക് ഖാർഗെ വിവാദത്തിന് തിരികൊളുത്തിയത്. എന്നാൽ ബിജെപി അടക്കം മന്ത്രിക്കെതിരെ തിരിച്ചടിച്ചു. അദ്ദേഹത്തിന്റെ പരാമർശങ്ങൾ കോൺഗ്രസിന്റെ വികൃതവും ഹിന്ദുവിരുദ്ധവുമായ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് പാർട്ടി സംസ്ഥാന മേധാവി വിജയേന്ദ്ര യെദ്യൂരപ്പ പറഞ്ഞത്.
















