ന്യൂദല്‍ഹി: സാമ്പത്തികമായി സ്വയംപര്യാപ്തയായ ജീവിതപങ്കാളിക്ക് സ്ഥിരം ജീവനാംശം നല്‍കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹമോചനത്തിലെ ജീവനാംശം എന്നത് സാമ്പത്തിക സമത്വത്തിനുള്ള ഉപാധിയല്ല, മറിച്ച് സാമൂഹിക നീതിയുടെ അളവുകോലാണെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷകനായ ഭര്‍ത്താവില്‍ നിന്ന് റെയില്‍വേ ട്രാഫിക് സര്‍വീസില്‍ ഉന്നതഉദ്യോഗസ്ഥയായ ഭാര്യ സ്ഥിരം ജീവനാശം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി കുടുംബകോടതി തള്ളിയിരുന്നു. ഈ വിധി ശരിവച്ചു കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ജീവനാംശം തേടുന്ന വ്യക്തി സാമ്പത്തിക സഹായത്തിന്റെ യഥാര്‍ത്ഥ ആവശ്യം തെളിയിക്കണമെന്ന് നിയമം അനുശാസിക്കുന്നു.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 25 പ്രകാരം അപേക്ഷകന്‍ സാമ്പത്തികമായി സ്വയംപര്യാപ്തനും സ്വതന്ത്രനുമാണെങ്കില്‍ ജീവനാംശം നല്‍കുന്നതിന് കഴിയില്ല. അത്തരം വിവേചനാധികാരം കൃത്യമായും നീതിയുക്തമായും പ്രയോഗിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ അനില്‍ ക്ഷേത്രര്‍പാല്‍, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
















