കൊല്ലം: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബോട്ട് മുങ്ങി കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ (35, പപ്പു) മൃതദേഹം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.നടുവിലക്കര ഗംഗയില്‍ വീട്ടില്‍ രാധാകൃഷ്ണപിള്ള- ഷീല ദമ്പതികളുടെ മകനാണ് ശ്രീരാഗ്.
രണ്ടുമലയാളികള്‍ ഉള്‍പ്പെടെ 14 ഇന്ത്യക്കാരാണ് അപകടത്തില്‍ പെട്ട ബോട്ടില്‍ ഉണ്ടായിരുന്നത്. പിറവം സ്വദേശി ഇന്ദ്രജിത്ത് സന്തോഷ് (22), ആണ് രണ്ടാമത്തെ മലയാളി. സീ ക്വസ്റ്റ് എന്ന സ്‌കോര്‍പിയോ മറൈന്‍ കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍.
ശ്രീരാഗ് മൊസാംബിക്കില്‍ ജോലിക്ക് കയറിയിട്ട് മൂന്നര വര്‍ഷമായി. ആറുമാസമായി നാട്ടിലുണ്ടായിരുന്ന ശ്രീരാഗ് തിങ്കളാഴ്ചയാണ് മടങ്ങിയത്.
ബെയ്‌റ തുറമുഖത്തിന് സമീപം ഒരു ലോഞ്ച് ബോട്ട് ഉള്‍പ്പെട്ട ക്രൂ ട്രാന്‍സ്ഫര്‍ ഓപ്പറേഷനിനിടെ വ്യാഴാഴ്ചയാണ് അപകടം നടന്നത്. സംഭവത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
















