തിരുവനന്തപുരം: നാടകരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധ പതിക്കുന്നില്ലെന്ന് സംവിധായകൻ ശ്യാമപ്രസാദ്. ശക്തമായ സാമൂഹികസ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുള്ള ഒരു നാടകവേദി ഇവിടെ ഉണ്ടെങ്കിലും,
ആ നാടകവേദി ശക്തിപ്പെടുന്നതിലും
അവതരണത്തിനുള്ള സാധ്യതകളും സാങ്കേതികവളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനും ഏറ്റവും
അടിസ്ഥാനപരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും നമ്മുടെ സർക്കാർ സംവിധാനങ്ങളൊക്കെ പരാജയപ്പെട്ടതിന്റെ കാഴ്ചയാണ് കാണുന്നത്. സംസ്കാര സാഹിതി തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന പ്രഥമ പ്രൊഫഷണൽ നാടകോത്സവത്തോട് അനുബന്ധിച്ച് ഭാരത് ഭവനിൽ നടത്തുന്ന സാംസ്‌കാരികോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തോ, തൃശൂരോ കോഴിക്കോടോ ഒഴികെ മറ്റൊരു സ്ഥലത്തും നാടകം അവതരിപ്പിക്കാനുള്ള നല്ലൊരു തിയേറ്റർ പോലുമില്ല. അത് പരിഹരിക്കാൻ ഒരു ശ്രമവും നടക്കുന്നുമില്ല. പല ഭരണങ്ങൾ മാറിമാറി വന്നിട്ടുണ്ട്. ഇതിപ്പോൾ കേരളത്തിന്റെ മാത്രമല്ല ഇന്ത്യ ഒട്ടാകെയുള്ള ഒരു വലിയ പ്രശ്നമാണ്. കേരളത്തിന് പുറത്ത് മലയാള സിനിമയ്‌ക്ക് അഭിമാനാർഹമായ സ്ഥാനമുണ്ട്. പക്ഷേ നാടകവേദിയെ കുറിച്ച് നമുക്ക് ഇങ്ങനെ
പറയാൻ പറ്റുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു.
നാടകം തനിക്ക് ജീവനും സിനിമ തനിക്ക് ഉപജീവനവുമാണെന്ന് നാടക- സിനിമ നടൻ അലൻസിയർ പറഞ്ഞു. ഉപജീവനം ഇല്ലെങ്കിൽ ജീവനില്ല. ജീവനില്ലെങ്കിൽ
ഉപജീവനവും ഇല്ല. പക്ഷേ ജീവനുണ്ടെങ്കിൽ
സിനിമയല്ലാതെ വേറെ ഏതെങ്കിലും ഉപജീവന മാർഗ്ഗത്തിലൂടെയും നമുക്ക് ജീവിക്കാം. അർത്ഥവത്തായിരിക്കണം നാടകം. നാടറിയുന്നവന് മാത്രമേ നാടകം ചെയ്യാൻ ആകൂവെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ഭവനിൽ നടക്കുന്ന പ്രഥമ പ്രൊഫഷണൽ നാടകോത്സവത്തിന്റെ മൂന്നാം ദിനത്തിൽ സാംസ്‌കാരികോത്സവം അടൂർ പ്രകാശ് എംപി ഉത്ഘാടനം ചെയ്തു. സംവിധായകൻ ശ്യാമ പ്രസാദ്, നടൻ അലൻസിയർ, മുൻ ആരോഗ്യ വകുപ്പ് മന്ത്രി വിഎസ് ശിവകുമാർ, സംസ്കാര സാഹിതി സംസ്ഥാന വൈസ് ചെയർമാൻ കെആർജി ഉണ്ണിത്താൻ, ജില്ലാ കൺവീനർ ഒ.എസ്. ഗിരീഷ്, വിഷ്ണു ജെജെ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് തിരുവനന്തപുരം തിരുവനന്തപുരം സൗപർണിക തിയേറ്ററിന്റെ ‘താഴ് വാരം’ അവതരിപ്പിച്ചു.
എം. വിൻസെന്റ് എംഎൽഎ, ആര്യാടൻ ഷൗക്കത്ത് എംഎൽഎ, നടൻ ജോബി എന്നിവർ പങ്കെടുക്കുന്ന സാംസ്‌കാരികോത്സവവും ശേഷം വള്ളുവനാട് ബ്രഹ്മ തിയേറ്ററിന്റെ ‘പകലിൽ മറഞ്ഞൊരാൾ’ നാടകാവതരണവും.
















