കാബൂള്‍ : ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്‍ എന്ന ഭീകരസംഘടനയ്‌ക്ക് പിന്തുണ നല്‍കുന്നത് പാകിസ്ഥാന്റെ രഹസ്യ ഏജന്‍സിയായ ഐഎസ് ഐ ആണെന്ന് താലിബാന്‍ വക്താവ് സെയ്ബുള്ള മുജാഹിദ്. നേരത്തെ ഇന്ത്യയുടെ രഹസ്യ ഏജന്‍സികള്‍ ഇതേ അഭിപ്രായപ്രകടനം നടത്തിയിരുന്നതാണ്. ഇത് ശരിവെയ്‌ക്കുകയാണ് ഇപ്പോള്‍ താലിബാന്‍.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഭീകരസംഘടനയാണ് ഐഎസ്ഐഎസ്-ഖൊറാസന്‍ എന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ സംഘടന. കിഴക്കന്‍ ഇറാനിലെ ഒരു പ്രവിശ്യയാണ് ഖൊറാസന്‍. അവിടെ പിറന്ന ഇസ്ലാമിക് സ്റ്റേറ്റ് ശാഖയായതിനാലാണ് ഇതിന്റെ പേര് ഐഎസ്ഐഎസ്-ഖൊറാസന്‍ എന്നായി മാറിയത്.
ഇന്ത്യയിലെ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഐഎസ്- ഖൊറാസനെ പാകിസ്ഥാന്‍ ഐഎസ്ഐ നിര്‍ബന്ധിക്കുന്നതില്‍ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്. പാകിസ്ഥാന്‍ മണ്ണ് എത്രത്തോളം ഭീകരസംഘടനകളുടെ താവളമായിമാറി എന്നതിന് തെളിവാണ് താലിബാന്റെ ഈ വെളിപ്പെടുത്തല്‍. അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഐഎസ് -ഖൊറാസന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് പാകിസ്ഥാന്‍ സൈന്യത്തിന്റെ രഹസ്യവിഭാഗമായ ഐഎസ്ഐ ആണെന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ ആരോപിച്ചിരുന്നു. അത് ശരിവെയ്‌ക്കുകയാണ് ഇപ്പോള്‍ താലിബാന്‍. അതിനാല്‍ തന്നെ ഇന്ത്യയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്നും ഇന്ത്യ വിലയിരുത്തിയിരുന്നു.
ഇറാനിലെ കെര്‍മാനിലും മോസ്കോയിലെ ക്രോകസ് സിറ്റി ഹാളിലും 2024ല്‍ നടന്ന ബോംബാക്രമണങ്ങള്‍ക്ക് പിന്നില്‍ ഐഎസ് -ഖൊറാസന്‍ ആണെന്നും അതിന് ചുക്കാന്‍ പിടിച്ചത് പാകിസ്ഥാന്‍ ആണെന്നും താലിബാന്‍ വക്താവ് സെയ്ബുള്ള മുജാഹിദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഐഎസ്-ഖൊറാസന്‍ നേരത്തെ ഇന്ത്യയിലെ മുസ്ലിം യുവാക്കളെ മനസ്സ് മാറ്റി ഈ സംഘടനയില്‍ ചേര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐഎസ് ഐ ആണെന്ന് ഇന്ത്യ നേരത്തെ മുതലേ ആരോപിച്ചിരുന്നു.
ഐഎസ്-ഖൊറാസനെ പാകിസ്ഥാന്‍-അഫ്ഗാന്‍ അതിര്‍ത്തിപ്രദേശമായ ഖൈബര്‍ പക്തൂണ്‍ക്വായില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന പാകിസ്ഥാന്‍ ആണെന്നും ഐഎസ്-ഖൊറാസന് മുഴുവന്‍ പരിശീലനവും അഭയവും നല്‍കുന്നത് പാകിസ്ഥാന്‍ ആണെന്നും നേരത്തെ മുതലേ താലിബാന്‍ ആരോപിച്ചുവരുന്നു.
















