തിരുവനന്തപുരം: വെള്ളായണി ദേവീക്ഷേത്രത്തിലെ കോടികള്‍ വിലമതിക്കുന്ന രത്‌നംപതിച്ച തങ്കനിര്‍മ്മിതമായ തങ്കത്തിരുമുടിയില്‍ കടത്തി. തങ്കത്തിരുമുടി കടത്തുന്നതിനെ എതിര്‍ത്ത തന്ത്രിയെ തെറിപറയുകയും പിടിച്ചുതള്ളുകയും ചെയ്തശേഷം സിപിഎം നേതാവിനൊപ്പമാണ് ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥര്‍ തങ്കത്തിരുമുടി ആചാരവിരുദ്ധമായി കടത്തിയത്. ഭക്തര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പത്തുമാസങ്ങള്‍ക്കുശേഷം തങ്കത്തിരുമുടി തിരികെയെത്തിച്ചത്.
സ്വര്‍ണക്കൊള്ള സമയത്തെ ശബരിമലയിലെ തിരുവാഭരണം കമ്മീഷണറായിരുന്ന കെ.എസ് ബൈജുവായിരുന്നു വെള്ളായണിയിലെയും തിരുവാഭരണ കമ്മീഷണര്‍. ആചാരങ്ങള്‍ പാലിക്കാതെയും തന്ത്രിയെ ആക്രമിച്ചും മാസങ്ങളോളം അറ്റകുറ്റപ്പണിക്കെന്ന പേരില്‍ പാറശ്ശാലയില്‍ സൂക്ഷിച്ച തങ്കത്തിരുമുടിയിലെ അമൂല്യവസ്തുക്കള്‍ നഷ്ടമായിട്ടുണ്ടോ എന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പുറത്തുകൊണ്ടുപോയപ്പോഴും തിരിച്ചെത്തിച്ചപ്പോഴും മഹസറില്‍ രേഖപ്പെടുത്തുകയോ തൂക്കം നോക്കുകയോ ചെയ്തില്ലെന്നും ആക്ഷേപം.
കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെ ഏറ്റവും വലുതാണ് വെള്ളായണി ദേവി ക്ഷേത്രത്തിലെ തങ്കത്തിരുമുടി. നാലരയടി ഉയരവും വീതിയുമാണ് വിഗ്രഹത്തിനുള്ളത്. വരിക്കപ്ലാവിന്റെ തടിയില്‍ ഭദ്രകാളിയുടെ തിരുമുഖം കൊത്തിയെടുത്തുണ്ടാക്കുന്ന വിഗ്രഹമാണ് തിരുമുടി. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ആയില്യം തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയാണ് തങ്കത്തിരുമുടി ക്ഷേത്രത്തിന് നിര്‍മ്മിച്ച് നല്‍കിയത്.
തിരുമുടി കേടുപാടുകള്‍ തീര്‍ക്കാന്‍ കൊണ്ടുപോകുമ്പോള്‍ ശക്തിയെ വാളിലോ ജലത്തിലോ ആവാഹിച്ച് പീഠത്തിന് അടിയിലോ കുങ്കുമത്തിലോ സുക്ഷിക്കുകയാണ് പതിവ്. ചെറിയ കേടുപാടുകളുണ്ടായിരുന്ന തിരുമുടി മൂത്ത വാത്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുറത്തെടുത്തത്. വെള്ളായണി ക്ഷേത്രത്തില്‍ വച്ച് തന്നെ ഒരുദിവസം കൊണ്ട് കേടുപാടുകള്‍ തീര്‍ക്കുമെന്നറിയിച്ചതിനെ തുടര്‍ന്ന് തന്ത്രി അനുവാദം നല്‍കുകയും ചെയ്തു. എന്നാല്‍ തിരുമുടി വെളിയിലെടുത്ത് 17 ദിവസം കഴിഞ്ഞിട്ടും കേടുപാടുകള്‍ തീര്‍ക്കാന്‍ ദേവസ്വം അധികൃതര്‍ തയ്യാറായില്ല.
ഒരുനാള്‍ ഉച്ചയ്‌ക്ക് ഭക്തരില്ലാതിരുന്ന സമയം നോക്കി തിരുവാഭരണം കമ്മീഷണറും സബ് ഗ്രൂപ്പ് ഓഫീസറും പ്രാദേശിക സിപിഎം നേതാവും മറ്റുചിലരും ചേര്‍ന്ന് തിരുമുടി പാറശ്ശാലയ്‌ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതറിഞ്ഞ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ തന്ത്രിയെ വിവരം അറിയിച്ചു. തന്ത്രി സ്ഥലത്തെത്തി തിരുമുടി ഒരു കാരണവശാലും പൊളിക്കാന്‍ പാടില്ലെന്നും ദേവപ്രശ്‌നം വയ്‌ക്കണമെന്നും ഹൈക്കോടതി ഉത്തരവ് വേണമെന്നും തിരുവാഭരണം കമ്മീഷണറോട് പറഞ്ഞപ്പോള്‍ സിപിഎം നേതാവ് അസഭ്യം പറഞ്ഞുകൊണ്ട് തന്ത്രിയെ പിടിച്ചു തള്ളുകയും ചെയ്തു. സംഭവമറിഞ്ഞ് ഭക്തര്‍ തടിച്ചുകൂടിയതോടെ യാതൊരാദരവും നല്‍കാതെ തിരുമുടി വാഹനത്തിന്റെ ഡിക്കിയില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു.
പത്ത് മാസമാസത്തോളമായിട്ടും തങ്കത്തിരുമുടി തിരികെ എത്തിക്കാത്തതിനെത്തുടര്‍ന്ന് ക്ഷേത്ര ഉപദേശകസമിതിയും ഹിന്ദു സംഘടനകളും ചേര്‍ന്ന് ദേവസ്വംബോര്‍ഡ് ആസ്ഥാനത്തുള്‍പ്പെടെ പ്രതിഷേധിക്കുകയും ഉപദേശകസമിതി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തിരുമുടി ഉടന്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പത്ത് മാസങ്ങള്‍ക്കു ശേഷം തിരുമുടി തിരിച്ചെത്തിക്കുകയായിരുന്നു. 2021 മാര്‍ച്ചില്‍ അറ്റകുറ്റ പണികള്‍ക്കായി കൊണ്ടുപോയ തങ്കത്തിരുമുടി 2022 ജനുവരിയിലാണ് തിരികെയെത്തിച്ചത്.
2022 ജനുവരി ഒന്നു മുതല്‍ ഏഴുവരെയുള്ള കാലയളവിലാണ് തങ്കത്തിരുമുടിയിലെ തകരാര്‍ പരിഹരിച്ചതെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ഏഴ് ദിവസത്തെ പണികള്‍ക്കായി പത്ത് മാസത്തോളം തങ്കത്തിരുമുടി പാറശ്ശാലയില്‍ സൂക്ഷിച്ചതിലാണ് സംശയമുയര്‍ന്നിരിക്കുന്നത്. ഈ സമയം തിരുമുടി അവിടെ നിന്ന് മറ്റെവിടെയെങ്കിലും എത്തിച്ചിരുന്നോ എന്നതും ദുരൂഹമാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ള സമയത്താണ് ഇതും ഉണ്ടായിരിക്കുന്നതെന്നതിനാല്‍ തങ്കത്തിരുമുടിയില്‍ നിന്നും വിലപിടിപ്പുള്ള വജ്രങ്ങളും രത്‌നങ്ങളും സ്വര്‍ണ്ണവും അപഹരിക്കപ്പെട്ടതായും സംശയമുണ്ട്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള നടക്കുന്ന എതാണ്ടതേ സമയത്താണ് വെള്ളായണിയിലും ഈ സംഭവ വികാസങ്ങളുണ്ടാകുന്നത്.
കാളിയൂട്ട് മഹോത്സത്തോടനിബന്ധിച്ച് പറയെടുപ്പിനായി ദേവി വീടുകളില്‍ പോകാറുണ്ട്. അയ്യായിരത്തോളം വീടുകളിലാണ് ദേവി ഈ സമയത്ത് പോകുന്നത്. ഇരുപത് മിനിറ്റോളം നീളുന്ന പൂജയാണ് വീടുകളില്‍ നടക്കുന്നത്. പൂജ കഴിഞ്ഞ് ദേവിക്ക് സ്വര്‍ണ്ണം നല്‍കുന്ന പതിവുണ്ട്. സാമ്പത്തിക സ്ഥിതിയനുസരിച്ച് സ്വര്‍ണ്ണപ്പൊട്ടുകളോ താലിയോ നല്‍കാറാണ് പതിവ്. ഇങ്ങനെ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന സ്വര്‍ണ്ണം എത്രയാണെന്നും എത്ര പവന്‍ ലഭിച്ചെന്നുമുള്ള രേഖകള്‍ ദേവസ്വം അധികൃതര്‍ സൂക്ഷിക്കാറില്ല. ഭക്തജനങ്ങള്‍ നല്‍കുന്ന സ്വര്‍ണവും കവരുന്നതായി ഭക്തര്‍ സംശയിക്കുന്നു.
















