തിരുവനന്തപുരം: വിദ്യാഭ്യാസ ആവശ്യത്തിനായി കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് ലഭിക്കില്ലെന്ന് വന്നതോടെ പിഎം ശ്രീയില്‍ (പ്രധാന്‍മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ) ഒപ്പുവയ്‌ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയും നടത്തി. നിരവധി തവണ കേന്ദ്രം ആവശ്യപ്പെട്ടിട്ടും മുഖം തിരിച്ചു നിന്ന സര്‍ക്കാരാണ് വിദ്യാഭ്യാസ ആവശ്യത്തിന് പണം ഇല്ലാതെ വന്നതോടെ തീരുമാനം മാറ്റിയത്.
മുമ്പ് മന്ത്രിസഭയില്‍ വിഷയം വന്നെങ്കിലും സിപിഐയുടെ എതിര്‍പ്പ് കാരണം മാറ്റിവച്ചു. പിഎംശ്രീ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിന് സംസ്ഥാനം പണം കണ്ടെത്തുമെന്നായിരുന്നു വീമ്പിളക്കിയത്. കേന്ദ്രസര്‍ക്കാര്‍ മൂന്ന് വര്‍ഷമായി പദ്ധതി തുടങ്ങിയിട്ട്. അന്ന് ഒപ്പിട്ടിരുന്നെങ്കില്‍ സംസ്ഥാനത്തെ 336 സ്‌കൂളുകള്‍ ഇതിനകം സ്മാര്‍ട്ടാവുകയും 1500 കോടി രൂപ ലഭിക്കുകയും ചെയ്യുമായിരുന്നു. എസ്എസ്‌കെയില്‍ ഫണ്ടില്ലാതെ വിദ്യാഭ്യാസ വകുപ്പ് വട്ടം കറങ്ങുന്നു. വേതനം നല്‍കിയിട്ട് മാസങ്ങളായി. ജീവനക്കാര്‍ സമരവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്നതിനാലാണ് ആദ്യം എതിര്‍പ്പുമായി രംഗത്തുവന്നത്. പദ്ധതിയില്‍ ഒപ്പു വച്ചാല്‍ സ്‌കൂളിനു മുന്നില്‍ ‘പിഎം ശ്രീ സ്‌കൂള്‍’ എന്ന ബോര്‍ഡ് സ്ഥാപിക്കേണ്ടിവരും. ഇതൊന്നും സംസ്ഥാനത്ത് നടപ്പാക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ല. പദ്ധതിക്കെതിരെ സുപ്രീം കോടതിയില്‍ കേസ് നല്‍കുമെന്നുവരെ മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നു.
രാജ്യത്ത് തെരഞ്ഞെടുത്ത സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കിയത്. ഒരു ബ്ലോക്ക് റിസോഴ്‌സിനു കീഴില്‍ രണ്ട് സ്‌കൂളുകള്‍ക്ക് പദ്ധതിയില്‍ നിന്നും സഹായം ലഭിക്കും. ഒരു സ്‌കൂളിന് വര്‍ഷം ഒരു കോടി രൂപയുടെ സഹായവും ലഭിക്കും. പുതിയ വിദ്യാഭ്യാസ നയത്തില്‍ സംസ്ഥാനം ഒപ്പു വയ്‌ക്കാതായതോടെ കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട ഫണ്ടുകളും ലഭിച്ചിരുന്നില്ല. രാജ്യത്താകെ 14, 500 സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 27,360 കോടി രൂപയാണ് ചെലവ്. ഇതിനകം 3700 കോടി കേന്ദ്രം ചെലവഴിച്ചു കഴിഞ്ഞു.
ആരോഗ്യവകുപ്പിലും ഇത്തരത്തിലുള്ള പിന്മാറ്റമുണ്ടായിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജന പദ്ധതി കൊണ്ടു വന്നപ്പോള്‍ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് പറഞ്ഞ് കടുത്ത വിമര്‍ശനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയിരുന്നു. പണം ഇല്ലാതായതോടെ പദ്ധതിയില്‍ ഒപ്പ് വയ്‌ക്കേണ്ടി വന്നു.
















