ന്യൂദല്‍ഹി: അപൂര്‍വ ധാതുക്കളുടെ ഉല്‍പ്പാദനത്തിലും സംസ്‌കരണത്തിലും ചൈനയുടെ ആധിപത്യം തകര്‍ക്കാനുള്ള തന്ത്രപരമായ നീക്കങ്ങളുമായി ഇന്ത്യ. അപൂര്‍വ ധാതുക്കള്‍ക്ക് അടുത്തിടെ ചൈന ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങള്‍ ഓട്ടമൊബീല്‍, ഇലക്ട്രോണിക്‌സ്, ഊര്‍ജ്ജ മേഖലകളെ ബാധിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നടപടി.
അപൂര്‍വ ധാതുക്കളുടെ സംസ്‌കരണത്തിനായി റഷ്യന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ കമ്പനികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ആലോചിച്ചുവരുന്നു. ഇതുമായി ബന്ധപ്പെട്ട് റഷ്യയില്‍ വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ പരീക്ഷിക്കാനാണ് നീക്കം. വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് അപൂര്‍വ്വ ധാതുക്കള്‍ ഉല്‍പാദിപ്പിക്കാന്‍ റഷ്യക്ക് താല്‍പ്പര്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ 90% അപൂര്‍വ ധാതുക്കളുടെ സംസ്‌കരണവും നിലവില്‍ നിയന്ത്രിക്കുന്നത് ചൈനയാണ്. ഈ ആശ്രിതത്വം കുറയ്‌ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് റഷ്യയുമായി പുതിയ പങ്കാളിത്തത്തിന് ഇന്ത്യയുടെ ശ്രമം നടക്കുന്നത്.
എന്താണ് ചൈന ഇന്ത്യയ്‌ക്കെതിരെ ചെയ്തത്?
പ്രധാനമായും ഏഴ് അപൂര്‍വ്വ മൂലകങ്ങളാണ് ഉള്ളത്. ഇട്രിയം, സ്കാന്‍ഡിം, സമേറിയം, ഗഡോലിനിയം, ടെര്‍ബിയം, ഡിസ്പ്രോസിയം, ല്യൂറ്റേഷിയം എന്നിവയാണ് പ്രധാനപ്പെട്ട ഏഴ് അപൂര്‍വ്വ മൂലകങ്ങള്‍. ഇതിന് പുറമെ ഈ മൂലകങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന അപൂര്‍വ്വ ഭൗമകാന്തങ്ങളും ഉണ്ട്. ഇവയെല്ലാം വൈദ്യുതി വാഹനനിര്‍മ്മാണം, മൊബൈല്‍ നിര്‍മ്മാണം, ചിപ് നിര്‍മ്മാണം തുടങ്ങിയ ആധുനിക വ്യവസായങ്ങള്‍ക്കും ആയുധ നിര്‍മ്മാണത്തിനും മെഡിക്കല്‍ രംഗത്തെ ഉപയോഗത്തിനും അത്യന്താപേക്ഷിതമാണ്. എന്താണ് ഏഴ് അപൂര്‍വ്വ ധാതുക്കളും അപൂര്‍വ്വ ഭൗമ കാന്തങ്ങളും.
ഇതില്‍ വൈദ്യുത വാഹനനിര്‍മ്മാണത്തിന് അത്യാവശ്യമാണ് ഇട്രിയവും സ്കാന്‍ഡിയവും. സ്കാന്‍ഡിയം, ഇട്രിയം ഉള്‍പ്പെടെയുള്ള അപൂര്‍വ്വ ധാതുക്കളുടെ 70 ശതമാനവും കയ്യടക്കിവെച്ചിരിക്കുന്നത് ചൈനയാണ്. ചൈനയിലെ വിവിധ പ്രദേശങ്ങളിലെ ഖനികളില്‍ നിന്നാണ് ഇവ കുഴിച്ചെടുക്കുന്നത്. പ്രകൃതിയില്‍ നിന്നും കുഴിച്ചെടുക്കുന്ന അസംസ്കൃത രൂപത്തില്‍ ഇവ ഉപയോഗിക്കാന്‍ കഴിയില്ല. വ്യാവസായികമായ ഇവയുടെ ഉപയോഗത്തിന് ഈ അപൂര്‍വ്വ ധാതുക്കള്‍ ശുദ്ധീകരിക്കണം. ഈ ശുദ്ധീകരണപ്രക്രിയയും ചൈനയില്‍ തന്നെയാണ് നടക്കുന്നത്. നേരെ വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാന്‍ പാകത്തിലാണ് ചൈന ഈ ഭൂമിയിലെ ധാതുക്കള്‍ ഇന്ത്യയ്‌ക്ക് ഇതുവരെ ചൈന നല്‍കിവന്നിരുന്നത്. അതാണ് ഇപ്പോള്‍ തരില്ലെന്ന് ചൈന വിലക്കിയിരിക്കുന്നത്. വൈദ്യുത കാറുകള്‍ക്ക് വേണ്ട ചില ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ അത്യാവശ്യമായ ഒന്നാണ് അപൂർവ്വ ഭൗമ കാന്തങ്ങൾ (Rare earth magnets). അപൂർവ്വ മൂലകങ്ങളുടെ ലോഹസങ്കരങ്ങൾ ഉപയോഗിച്ചാണ് അപൂർവ്വ ഭൗമ കാന്തങ്ങൾ നിർമ്മിക്കുന്നത്. ഇത് ശക്തമായ സ്ഥിര കാന്തങ്ങളാണ്. ഇവ മറ്റ് സാധാരണ കാന്തങ്ങളെ അപേക്ഷിച്ച് വളരെ ശക്തമായ കാന്തികക്ഷേത്രങ്ങൾ ഉത്പാദിപ്പിക്കുന്നു. നിയോഡൈമിയം, സമരിയം-ഡിസ് പ്രോസിയം എന്നിവയാണ് അപൂര്‍വ്വ ഭൗമ കാന്തങ്ങളുടെ നിര്‍മ്മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്ന അപൂർവ്വ മൂലകങ്ങൾ. ഇതും നല്‍കാന്‍ ചൈന തയ്യാറല്ല.
ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് ചൈന അപൂര്‍വ്വ മൂലകങ്ങളുടെയും അപൂര്‍വ്വ ഭൗമകാന്തത്തിന്റെയും വിതരണം നിര്‍ത്തിവെച്ചത്. മാത്രമല്ല, ഇവ ആയുധനിര്‍മ്മാണത്തിന് ഉപയോഗിക്കില്ലെന്ന് എഴുതിക്കൊടുത്താല്‍ മാത്രമേ ചൈന മറ്റു രാജ്യങ്ങള്‍ക്ക് അപൂര്‍വ്വ മൂലകങ്ങള്‍ നല്‍കൂ എന്നും ചൈന തീരുമാനിച്ചിരിക്കുകയാണ്.
















