ന്യൂഡൽഹി ∙ ഗുജറാത്ത് മന്ത്രിസഭാ പുനഃസംഘടനയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയ്‌ക്ക് വിദ്യാഭ്യാസ വകുപ്പ് ലഭിച്ചു. 2022 മുതൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽനിന്ന് ബിജെപി എംഎൽഎയായ റിവാബയ്‌ക്ക്, മന്ത്രിസ്ഥാനം രാഷ്‌ട്രീയജീവിതത്തിലെ വലിയ മുന്നേറ്റമാണ്.
അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ, പരിചയസമ്പന്നരെയും പുതുമുഖങ്ങളെയും ഒത്തുചേർത്ത് ജാതി–യുവത്വ സമവാക്യം ഉറപ്പാക്കുകയാണ് ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയുടെ പുനഃസംഘടനയുടെ ലക്ഷ്യം. 2022 ഡിസംബറിൽ അധികാരത്തിലെത്തിയ ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിലെ 16 മന്ത്രിമാരും രാജിവച്ചതിനെ തുടർന്ന് 26 പേരെ ഉൾപ്പെടുത്തി പുതിയ മന്ത്രിസഭ രൂപീകരിച്ചു. ഇതിൽ 19 പേർ പുതുമുഖങ്ങളാണ്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് റിവാബ ബിജെപിയിൽ ചേർന്നത്. 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ ആം ആദ്മി പാർട്ടിയുടെ കർഷൻ കർമുറിനെ 53,301 വോട്ടിന് തോൽപ്പിച്ച് ജയം നേടി. കോൺഗ്രസ് സ്ഥാനാർഥി ബിപേന്ദ്രസിങ് ജഡേജയ്‌ക്കു വേണ്ടി പ്രചാരണം നയിച്ചത് ജഡേജയുടെ സഹോദരി നയനാബ ആയിരുന്നു. കോൺഗ്രസ് മൂന്നാം സ്ഥാനത്ത് ഒതുങ്ങുകയായിരുന്നു.
മുപ്പത്തിയാറുകാരനായ ജഡേജ കഴിഞ്ഞ വർഷത്തെ ലോകകപ്പിന് ശേഷം ടി–20യിൽനിന്ന് വിരമിച്ചെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും സജീവമാണ്. വെസ്റ്റിൻഡീസിനെതിരായ അവസാന ടെസ്റ്റ് പരമ്പരയിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റായി ജഡേജ തിളങ്ങിയിരുന്നു.
ഇതോടെ ഗുജറാത്ത് രാഷ്‌ട്രീയത്തിൽ ജഡേജ ദമ്പതികൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചിരിക്കുകയാണ്. റിവാബയുടെ മന്ത്രിസ്ഥാനമേറ്റെടുത്തത് ബിജെപിയുടെ യുവത്വ-സ്ത്രീ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്ന നീക്കമായാണ് വിലയിരുത്തുന്നത്.












