ബെംഗളൂരു: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത പഞ്ചായത്ത് ഡവലപ്‌മെന്റ് ഓഫീസറെ സസ്പെൻഡ്ചെയ്തു. റായ്ചൂരു ജില്ലയിലെ സിർവാർ താലൂക്കിലെ പ്രവീൺ കുമാറിനെ സസ്പെൻഡ്ചെയ്തത്.
ആർഎസ്എസിന്റെ യൂണിഫോമായ ഗണവേഷത്തിൽ മാർച്ചിൽ പങ്കെടുക്കുന്ന പ്രവീൺകുമാറിന്റെ ചിത്രം കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് റൂറൽ ഡവലപ്‌മെന്റ് ആൻഡ് പഞ്ചായത്ത് രാജ് കമ്മിഷണർ സസ്പെൻഡ് ചെയ്തത്.
ആർഎസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഐടി-ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് കത്തുനൽകിയിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ആർഎസ്എസ് പരിപാടികൾ നിരോധിക്കണമെന്നും പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തതിൽപ്രതിഷേധിച്ച് പ്രിയങ്ക് ഖാർഗെയുടെ നിയമസഭാമണ്ഡലമായ ചിറ്റാപുരയിൽ ആർഎസ്എസ് ഇന്ന് മാർച്ച് നടത്തും.
















