ആലുവ : മയക്കുമരുന്നിനെതിരെ കർശന നടപടിയുമായി റൂറൽ ജില്ലാ പോലീസ്. എറണാകുളം റൂറൽ ജില്ലയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 3209 കേസുകൾ രജിസ്റ്റർ ചെയ്തു. 3397 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 18 എണ്ണം കൊമേഴ്സ്യൽ ക്വാണ്ടിറ്റി കേസുകളാണ്. കഴിഞ്ഞവർഷം ആകെ രജിസ്റ്റർ ചെയ്തത് 2037 കേസുകളാണ്, ഇതിൽ 2217 പ്രതികളാണ് ഉണ്ടായിരുന്നത്.
റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ ഈ വർഷം ഇതുവരെ നടന്ന പരിശോധനയിൽ 475 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞവർഷം 270 കിലോയാണ് പിടികൂടിയത്. ഇതിൽ 90 കിലോഗ്രാം കഞ്ചാവ് തടിയിട്ട് പറമ്പ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നുമാണ് പിടികൂടിയത്. മൂന്നുപേരാണ് ഇതുമായി ബന്ധപ്പെട്ട് പിടിയത്. രണ്ട് കേസുകളിലായി 60 കിലോ കഞ്ചാവ് കാലടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും പിടികൂടി. രണ്ടു കേസുകളിലായി അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
സൈക്കിൾ പമ്പിൽ കടത്തിയ 24 കിലോ കഞ്ചാവ് നെടുമ്പാശേരിയിൽ നിന്ന് പിടികൂടിയിരുന്നു. അന്ത:സംസ്ഥാന ബന്ധമുള്ള കടത്തുകാരെയാണ് ഇതു മായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. 18 കിലോ കഞ്ചാവ് കുറുപ്പംപടിയിൽ നിന്നും 12 കിലോ കഞ്ചാവ് പെരുമ്പാവൂരിൽ നിന്നും പിടികൂടിയിരുന്നു. ഒഡീഷയിൽ നിന്നും ആന്ധ്രയിൽ നിന്നും ആണ് കേരളത്തിൽ കൂടുതലായി കഞ്ചാവ് എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് നേതൃത്വം വഹിക്കുന്നത്. കിലോയ്‌ക്ക് 2000 മുതൽ 3000 രൂപ വരെ നൽകി കഞ്ചാവ് വാങ്ങി ഇവിടെ 25,000 30,000 രൂപ നിരക്കിലാണ് വിൽക്കുന്നത്. സാധാരണഗതിയിൽ ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിക്കുന്നത്. ആഡംബര കാറുകളിൽ കഞ്ചാവ് കടത്തിയ മൂന്ന് ടീമിനെ റൂറൽ ജില്ലയിൽ ഈ വർഷം പിടികൂടി.
ഒരു കിലോഗ്രാമോളം എം.ഡി.എം.എയാണ് ഈ വർഷം പിടികൂടിയത്. കഴിഞ്ഞവർഷം 750 ഗ്രാമായിരുന്നു. അങ്കമാലിയിൽ വച്ച് കാറിൽ കടത്തിയ 200 ഗ്രാം രാസലഹരി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബംഗലൂരുവിൽ നിന്നാണ് ലഹരി കൊണ്ടുവന്നത്. ടൂറിസ്റ്റ് ബസിൽ കടത്തിയ 200 ഗ്രാം എം.ഡി.എം.എയും അങ്കമാലിയിൽ വച്ച് പിടികൂടിയിരുന്നു. 142 ഗ്രാം മെത്താ ഫിറ്റാമിൻ, രണ്ട് കിലോയോളം ഹാഷിഷ് ഓയിൽ, 600 ഗ്രാമോളം ഹെറോയിൻ എന്നിവയും ഈ വർഷം പിടികൂടി. ആറ് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. അഞ്ച് എൽ എസ് ഡി സ്റ്റാമ്പുകളും, 36 നൈട്രാസെപാം ടാബ്ലറ്റുകളും പിടികൂടിയവയിൽപ്പെടുന്നു. പിറ്റ് എൻ ഡി പി എസ് ആക്റ്റ് പ്രകാരം നാല് മയക്കുമരുന്ന് വ്യാപാരികളെ കരുതൽ തടങ്കലിൽ അടച്ചു.
എസ്.പിയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മിഷൻ പുനർജനി പദ്ധതി നടപ്പാക്കി വരുന്നു. തൊഴിലാളികൾക്കിടയിൽ മയക്കുമരുന്നിന്റെ വരവും ഉപയോഗവും തടയുക, ആസക്തി ബാധിച്ചവർക്ക് വൈദ്യശാസ്ത്രപരവും മാനസികവും സാമൂഹികപരവുമായ പിന്തുണ നൽകുക, ബോധവൽക്കരണം നടത്തുക, ബദൽ ജീവിതശൈലികൾ പ്രോത്സാഹിപ്പിക്കുക, മറ്റു സംസ്ഥാനങ്ങളിലെ അധികാരികളുമായി സഹകരിച്ച് പരിശോധനകൾ നടത്തുക, സുരക്ഷിതമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുക, കായിക വിനോദത്തിന് അവസരങ്ങൾ ഒരുക്കുക തുടങ്ങിയവയാണ് പുനർജനിയിലൂടെ ലക്ഷ്യമിടുന്നത്. ലഹരിക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ പാടാം ഒരു ഗാനം എന്ന പരിപാടിയും റൂറൽ ജില്ലയിൽ നടത്തിയിരുന്നു.
















