കോട്ടയം: ഹിജാബ് വിവാദത്തില്‍ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്‌മെന്‌റിനൊപ്പം നില്‍ക്കുകയും എസ്ഡിപിഐയെയും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെയും ഇടതുസര്‍ക്കാരിനെയും വിമര്‍ശിക്കുകയും ചെയ്ത പിടിഎ പ്രസിഡന്‌റ് ജോഷി കൈതവളപ്പിലിനെ കേസില്‍ കുരുക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ജോഷി വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാരോപിച്ച് പിടിഎ കമ്മിറ്റി അംഗം ജമീര്‍ പൊലീസില്‍ നല്‍കിയ പരാതിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനു കിട്ടിയ പിടിവള്ളി. മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസ മന്ത്രിയുടെയും ഓഫീസ് ഒരു ന്യൂനപക്ഷ സ്ഥാപനത്തെ വേട്ടായാടാന്‍ ശ്രമിക്കുന്നുവെന്നും മറ്റും ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഡിഇ ഒ സക്കീനയ്‌ക്കെതിരെയും പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.
ജോഷി സര്‍ക്കാരിനു വഴങ്ങാതിരുന്നാല്‍മാത്രം കേസ് കടുപ്പിച്ചാല്‍ മതിയെന്ന നിലപാടിലാണ് അധികൃതരെന്നാണ് അറിയുന്നത്. പിടിഎ കമ്മറ്റിയില്‍ തന്നെ ഹിജാബ് വിഷയത്തില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഈ പരാതി സര്‍ക്കാരിന് ഉപകരിച്ചു.
















