പാലക്കാട് : വാണിയംകുളത്തു ഡിവൈഎഫ്‌ഐ മുന്‍ നേതാവ് വിനേഷിനെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ വാണിയംകുളം ടൗണ്‍ യൂണിറ്റ് സെക്രട്ടറി അജയ് കൃഷ്ണ പൊലീസില്‍ കീഴടങ്ങി. വിനേഷ് ആക്രമിക്കപ്പെടുമ്പോള്‍ അജയ് കൃഷ്ണയുടെ സാന്നിധ്യം ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആദ്യം വാണിയംകുളത്തെ ബാര്‍ ഹോട്ടലിനു സമീപവും പിന്നീടു പനയൂരിലുമായാണ് വിനേഷിനെ ആക്രമിച്ചത്.
ബാര്‍ ഹോട്ടലിനു സമീപത്തു നിന്നു രണ്ടാമത്തെ അക്രമം നടന്ന പനയൂരിലേക്ക് മുഖ്യപ്രതി ഹാരിസിനെ ബൈക്കില്‍ എത്തിച്ചത് അജയ് കൃഷ്ണയാണെന്ന് പൊലീസ് പറഞ്ഞു.എന്നാല്‍ ഇയാള്‍അക്രമത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ല.
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. ഷൊര്‍ണൂര്‍ ഗണേശ്ഗിരിയില്‍ ഡിവൈഎഫ്‌ഐ നടത്തിയ പഞ്ചഗുസ്തി മത്സരം ഉദ്ഘാടനം ചെയ്തതു സംബന്ധിച്ചു ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി രാകേഷ് ഫേസ്ബുക്കിലിട്ട കുറിപ്പിനു താഴെ വിനേഷിട്ട കമന്റിനെ ചൊല്ലിയുളള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണു കേസ്. ഡിവൈഎഫ്‌ഐ നേതാക്കളായ രാകേഷും ഹാരിസും ഉള്‍പ്പെടെ അഞ്ച് പേരാണു കേസില്‍ റിമാന്‍ഡിലുള്ളത്. കഴിഞ്ഞ 8നു രാത്രിയായിരുന്നു പനയൂര്‍ തോട്ടപ്പള്ളിയാലില്‍ വിനേഷിനു നേരെ വാണിയംകുളത്തും പനയൂരിലും വച്ച് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ വിനേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.
















