കൊച്ചി: കേരളത്തിലെ കത്തോലിക്കാ സ്ഥാപനങ്ങളിൽ വർദ്ധിച്ചുവരുന്ന സാമുദായിക സംഘർഷങ്ങളിലും, ഈ വിഷയങ്ങളിൽ സഭാ നേതൃത്വം പുലർത്തുന്ന നിസ്സംഗതയിലും ആശങ്ക പ്രകടിപ്പിച്ച് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്‍റും ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിലും ചേർന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്ക് സംയുക്തമായി കത്തയച്ചു.
കേരളത്തിലെ കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ ചില സമീപകാല പ്രവണതകൾ ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തിനും ക്രൈസ്തവ സമൂഹത്തിന്റെ ഭാവിക്കും ദോഷകരമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കത്തോലിക്കാ സ്ഥാപനങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന വിഭാഗീയ പ്രശ്നങ്ങളും, അതിനോട് സംസ്ഥാന സഭാ നേതൃത്വം പുലർത്തുന്ന നിസ്സംഗതയും അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങളായി മാറിയിരിക്കുന്നു.
കത്തില്‍ പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം പ്രത്യേകം പരാമര്‍ശിക്കുന്നു. എറണാകുളം പള്ളുരുത്തിയിലെ സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിൽ ഒരു മുസ്‌ലിം വിദ്യാർത്ഥിനി ഹിജാബ് ധരിച്ചതിനെത്തുടർന്നുണ്ടായ വിവാദവും, പൊതുജന പ്രതിഷേധം കാരണം സ്കൂൾ അടച്ചിടുകയും ചെയ്ത സംഭവവും കത്തിൽ എടുത്തുപറയുന്നു. ഇത് മറ്റ് കുട്ടികളിൽ ഭീതിയുണ്ടാക്കുകയും വിഷയത്തിന് മുസ്‌ലിം-ക്രിസ്ത്യൻ സംഘർഷത്തിന്റെ മാനം നൽകുകയും ചെയ്തു. മൂവാറ്റുപുഴ നിർമ്മല കോളേജിലും പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് സ്കൂളുകളിലും മുൻപുണ്ടായ സമാന സംഭവങ്ങളും കത്തിൽ പരാമർശിക്കുന്നു.
ഫെലിക്സ് ജെ പുല്ലുടൻ, ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് പ്രസിഡന്‍റ്, ജോസഫ് വെളിവിൽ, ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ, പ്രസിഡന്‍റ് എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
















