പത്തനംതിട്ട : ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണക്കേസിൽ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയ്‌ക്ക് ഊണ് നൽകാൻ ഇന്ന് കേരള പൊലീസ് അൽപ്പം ബുദ്ധിമുട്ടി .കോടതിയില്‍ നിന്ന് പത്തനംതിട്ട എസ് പി ഓഫീസില്‍ പോറ്റിയെ എത്തിച്ചത് ഉച്ചയൂണിന്റെ നേരത്ത് . പൊലീസ് കസ്റ്റഡിയിലാണെങ്കിലും ഉച്ചയൂണിന് തൈര് നിര്‍ബന്ധമാണെന്ന് പോറ്റി. ഇക്കാര്യം ചുമതലയിലുണ്ടായിരുന്ന പൊലീസിനെ അറിയിച്ചു. സമീപത്തുള്ള കടയില്‍ നിന്ന് പൊലീസ് തൈര് സംഘടിപ്പിച്ച് സൂപ്രണ്ട് ഓഫിസീലത്തിച്ചു. അപ്പോഴേക്കും പോറ്റിക്ക് മറ്റാരോ തൈര് നല്‍കിയിരുന്നു.
വാങ്ങിയ തൈര് തിരിച്ചു നല്‍കിയപ്പോഴാണ് കടയുടമയ്‌ക്ക് കാര്യം പിടികിട്ടിയത് . പൊലീസ് തൈരുവാങ്ങിയത് പോറ്റിക്കാണെന്നറിഞ്ഞതോടെ കടയുടമയുടെ വക അറിയിപ്പുമെത്തി . ഇന്നു നല്‍കിയത് നല്‍കി ഇനി മേല്‍ അയ്യന്റെ സ്വര്‍ണം കട്ടവന് തൈരിനായി ഇങ്ങോട്ട് വരരുതെന്നായിരുന്നു കടയുടമ പറഞ്ഞത് . തിരിച്ചെത്തിച്ച തൈരിന്റെ കാശും മടക്കി നല്‍കി. കടയുടമ മാത്രമല്ല കടയിൽ ആ സമയം ഉണ്ടായിരുന്ന നാട്ടുകാർക്കും ഇത് തന്നെയായിരുന്നു പറയാൻ ഉണ്ടായിരുന്നത് .
സ്വർണക്കവർച്ച കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ 13 ദിവസത്തേക്കാണ് റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്
















