കോഴിക്കോട്: അതിഥിയായെത്തി സഹപാഠിയുടെ ബേപ്പൂരിലെ വീട്ടില്‍ നിന്ന് 36 പവന്‍ കവര്‍ന്ന് മുങ്ങിയ ആന്ധ്ര സ്വദേശിനിയെ പൊലീസ് ഇന്ന് കോഴിക്കോടെത്തിക്കും. ഫറോക്ക് എസിപി എ.എം.സിദ്ദിഖിന്‌റെ നേതൃത്വത്തില്‍ മുംബൈയില്‍ നിന്നാണ് ആന്ധ്ര സ്വദേശിനിയായ തോട്ടാബാനു സൗജന്യയെ (24) അറസ്റ്റു ചെയ്തത്.
ബെംഗളൂരുവിലെ ഒരു കോളേജില്‍ സഹപാഠിയായ സൗജന്യ ജൂലായ് 17നാണ് ബേപ്പൂരിലുള്ള ഗായത്രിയുടെ വീട്ടില്‍ താമസിക്കാനെത്തിയത്. തിരികെ പോയപ്പോള്‍ ഈ വീട്ടില്‍ നിന്ന് 36 പവന്‍ ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് താന്‍സാനിയായിലേക്കു മുങ്ങുകയും ചെയ്തു. ജോലി കിട്ടിയെന്നും പഠനം നിര്‍ത്തുകയാണെന്നുമാണ് കോളേജില്‍ അറിയിച്ചത്. പരാതി ലഭിച്ചതു മുതല്‍ സൗജന്യയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്ന ഫറോക്ക് പൊലീസിന് ഇവര്‍ കഴിഞ്ഞ ദിവസം ഗുജറാത്തില്‍ അനുജത്തിയുടെ വീട്ടില്‍ തിരിച്ചെത്തിയെന്ന വിവരം ലഭിച്ചിരുന്നു. പൊലീസ് അവിടെയെത്തും മുന്‍പ് അവര്‍ മംബൈയിലേക്ക് വിമാനം കയറിയിരുന്നു. അവിടെനിന്നും മുങ്ങും മുന്‍പ് പിടികൂടാന്‍ പൊലീസിനു കഴിഞ്ഞു.
















