റാന്നി: തന്നെ കുടുക്കിയവരെ താൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ശബരിമല സ്വർണകേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി. കോടതി നടപടികൾ പൂർത്തിയാക്കി പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് പ്രതികരണം. ശബരിമലയിലെ സ്വർണക്കൊള്ളയിൽ താൻ ഒറ്റയ്‌ക്കല്ലെന്നും തനിക്ക് കൂട്ടാളികൾ ഉണ്ടെന്നുമുള്ള സൂചനയാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇതിലൂടെ നൽകിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബെംഗളൂരുവിലടക്കം അന്വേഷണ സംഘം കൊണ്ടുപോകും. 2017 മുതൽ സ്വർണകൊള്ളയിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. 2019ൽ എങ്ങനെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ എത്താൻ കഴിഞ്ഞു എന്നതും ചോദ്യം ചെയ്യപ്പെടേണ്ട വിഷയമാണ്. ശക്തമായ പോലീസ് സുരക്ഷ ഉണ്ടായിരുന്ന കാലത്താണ് ഉണ്ണികൃഷ്ണൻ പോറ്റി കട്ട്ളയും ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളികളും കൊണ്ടു പോകുന്നത്. ഇതെല്ലാം കൊണ്ടുപോകുമ്പോൾ സർക്കാർ സംവിധാനങ്ങൾ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നത് കണ്ണടച്ച് വിശ്വസിക്കാൻ കഴിയുന്നതല്ല.
അന്വേഷണം മുന്നോട്ട് പോവുകയാണെങ്കിൽ മുരാരി ബാബുവിലോ ഉണ്ണികൃഷ്ണൻ പോറ്റിയിലോ മാത്രം ഒതുക്കാൻ കഴിയില്ല. മുരാരി ബാബുവിന് സിപിഎമ്മുമായി വളരെ അടുത്ത ബന്ധമാണുള്ളത്. സ്വർണകൊള്ള നടക്കുന്ന സമയത്ത് ശബരിമലയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് മുരാരി ബാബുവായിരുന്നു. ഗുരുതരമായ പരാമർശങ്ങളാണ് മുരാരി ബാബുവിനെതിരെ റിമാൻ്റ് റിപ്പോർട്ടിലുള്ളത്.
















