വെള്ളറട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഒറ്റശേഖരമംഗലം കോളൂര്‍ ശിവക്ഷേത്രം തകര്‍ക്കപ്പെട്ട നിലയിലായിട്ട് പതിറ്റാണ്ടുകളായി. ക്ഷേത്രഭൂമി കയ്യേറ്റക്കാരുടെ പക്കലും. ഒറ്റശേഖരമംഗലം ചെമ്പൂര് റോഡില്‍ കാലായില്‍ ജംഗ്ഷനു സമീപമാണ് ക്ഷേത്രമുള്ളത്. കീഴാറൂര്‍ വില്ലേജിലെ രേഖകള്‍ പ്രകാരം 137/1 എ 2 നമ്പര്‍ സര്‍വ്വേയില്‍ ഒരേക്കര്‍ അന്‍പത്തിമൂന്ന് സെന്റിലാണ് ക്ഷേത്രം. അഞ്ചര ഏക്കറിലധികം വിസ്തൃതിയുണ്ടായിരുന്ന ക്ഷേത്രഭൂമി ഏറെക്കുറെ കയ്യേറ്റം ചെയ്യപ്പെട്ടു കഴിഞ്ഞു. കയ്യേറിയ ഭൂമിയില്‍ അതാതു കാലത്തെ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പട്ടയം നല്‍കി. ഈ ഭൂമിയില്‍ വീടുകള്‍ നിര്‍മിച്ച് മതിലുകളും വേലികളും പണിത് ക്ഷേത്രത്തിലേക്കുള്ള വഴിയും അടച്ചു.
ഒറ്റശേഖരമംഗലം ദേവസ്വം ഗ്രൂപ്പിനു കീഴില്‍ വരുന്ന ക്ഷേത്രത്തില്‍ ഒറ്റശേഖരമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നുള്ള ശാന്തിക്കാരാണ് പൂജാ കര്‍മങ്ങള്‍ക്കെത്തിയിരുന്നത്. ഭൂമി കയ്യേറിയവരുടെ നേതൃത്വത്തില്‍ ഇവിടെയെത്തുന്ന പൂജാരിമാരെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവായതോടെ ശാന്തിക്കാര്‍ എത്താതെയായി. ദേവസ്വം രേഖകളില്‍ ഇപ്പോഴും കോളൂര്‍ മഹാദേവര്‍ ക്ഷേത്രം ഒറ്റശേഖരമംഗലം ഗ്രൂപ്പിനു കീഴില്‍ എന്ന് പറയുന്നുണ്ട്.
ക്ഷേത്രഭൂമി സംബന്ധിച്ച തര്‍ക്കം നെയ്യാറ്റിന്‍കര കോടതിയില്‍ നിലനിന്നിരുന്നു. പ്രദേശത്തെ വിശ്വാസികള്‍ നല്‍കിയ കേസില്‍ ദേവസ്വം ഉദ്യോഗസ്ഥരുള്‍പ്പെടെ നൂറോളം പേരെ വിസ്തരിച്ചു. ഭൂമി ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം ഭൂമി കണ്ടെത്താനായി തഹസില്‍ദാരെ സമീപിച്ചുവെങ്കിലും അന്നത്തെ അഡീ. തഹസീല്‍ദാര്‍ ക്ഷേത്രത്തിനെതിരായി റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിനെതിരെ ആര്‍ഡിഒ ക്ക് നല്‍കിയ പരാതിയിലും കയ്യേറ്റക്കാര്‍ക്ക് അനുകൂല തീരുമാനം ഉണ്ടായി. ഇതിനെല്ലാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രാഷ്ടീയ സമ്മര്‍ദ്ദത്തിനു വഴങ്ങി കയ്യേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
വഴികള്‍ അടച്ചതോടെ കോളൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തുള്ള പുഴ കടന്ന് വേണം ഇപ്പോള്‍ ക്ഷേത്രത്തിലെത്താന്‍. പൂജ നിലച്ചതോടെ പല തവണയായി ക്ഷേത്രം തകര്‍ക്കാന്‍ ശ്രമം നടന്നു. കരിങ്കല്‍ മേല്‍ക്കൂര പൂര്‍ണമായും തകര്‍ക്കപ്പെട്ടു കഴിഞ്ഞു. കൊത്തുപണികളോടു കൂടിയ വലിയ കരിങ്കല്‍ ശിലകള്‍ ഉപദേവതാ വിഗ്രഹങ്ങളായ ഗണപതി നാഗര്‍ എന്നിവയെല്ലാം പുഴയിലൊഴുക്കിയതായി നാട്ടുകാര്‍ വെളിപ്പെടുത്തി. ഉപദേവതാ ക്ഷേത്രങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു കഴിഞ്ഞു.
ഒറ്റശേഖരമംഗലം മഹാദേവര്‍ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായാണ് വിശ്വാസികള്‍ കോളൂര്‍ മഹാദേവ ക്ഷേത്രത്തെ കരുതുന്നത്. ഇവിടെയെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങളെ സമീപവാസികള്‍ അസഭ്യം പറയാനും ആക്രമിക്കാനും ശ്രമം നടത്തുന്നുണ്ട്. രാജഭരണകാലത്ത് നിര്‍മിക്കപ്പെട്ട മഹാക്ഷേത്രം പുനര്‍നിര്‍മിക്കാനും പൂജ നടത്തുവാനും ദേവസ്വം ബോര്‍ഡ് തയ്യാറാകുന്നില്ല. ക്ഷേത്രഭൂമി വീണ്ടെടുക്കാനും ആരാധനാക്രമം പുനഃസ്ഥാപിക്കാനും ഭക്തര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
















