ഗുവാഹത്തി : അസമിലെ ടിൻസുകിയ ജില്ലയിലെ കകോപത്തറിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി വൈകി സൈനിക ക്യാമ്പിൽ കനത്ത വെടിവയ്‌പ്പ് ഉണ്ടായതായിട്ടാണ് വിവരം. നിരവധി ഗ്രനേഡ് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായും ഇത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തിയതായും റിപ്പോർട്ടുണ്ട്.
കകോപത്തർ സൈനിക ക്യാമ്പിന് സമീപം ഇന്നലെ രാത്രി വൈകിയും ഒരു മണിക്കൂറോളം വെടിവയ്‌പ്പ് തുടർന്നതായി റിപ്പോർട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച് കക്കോപത്തറിലെ ഇന്ത്യൻ സൈന്യത്തിന്റെ 19 ഗ്രനേഡിയേഴ്‌സ് യൂണിറ്റിന്റെ ക്യാമ്പ് ലക്ഷ്യമാക്കി അർദ്ധരാത്രിയോടെ ഗ്രനേഡുകൾ എറിഞ്ഞുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈന്യം പ്രദേശത്ത് കനത്ത നിരീക്ഷണം നടത്തുകയാണ്.
















