ന്യൂദല്‍ഹി: കെപിസിസി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചു. രാഷ്‌ട്രീയകാര്യ സമിതിയില്‍ ആറ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി. 13 വൈസ് പ്രസിഡന്റുമാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി വമ്പന്‍ പട്ടികയാണ് പുറത്തുവിട്ടത്.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വികെ ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, പന്തളം സുധാകരന്‍, എകെ മണി, സിപി മുഹമ്മദ് എന്നിവരെയാണ് രാഷ്‌ട്രീയകാര്യ സമിതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യരടക്കം 58പേരെയാണ് ജനറല്‍ സെക്രട്ടറിമാരാക്കിയത്.എം ലിജുവിനെ സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി വൈസ് പ്രസിഡന്റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വന്ന പാലോട് രവിയെ കെപിസിസി വൈസ് പ്രസിഡന്റായി നിയമിച്ചു.വിഎ നാരായണനാണ് കെപിസിസി ട്രഷറര്‍.അതേസമയം, കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല.
നേരത്തെ വൈസ് പ്രസിഡന്റായിരുന്ന വി. പി. സജീന്ദ്രന്‍, വി. ടി. ബല്‍റാം എന്നിവരെ പട്ടികയില്‍ നിലനിര്‍ത്തി. രമ്യ ഹരിദാസ് ആണ് വൈസ് പ്രസിഡന്റ് പട്ടികയില്‍ ഉള്ള ഏക വനിത.
നേരത്തെ കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ഭൂരിഭാഗം പേരെയും നിലനിര്‍ത്തിക്കൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടത്.ഒമ്പത് വനിതാ അംഗങ്ങള്‍ ആണ് ജനറല്‍ സെക്രട്ടറി പട്ടികയില്‍ ഉള്ളത്.
വെള്ളാപ്പള്ളി നടേശനുമായി അടുപ്പമുളള ഡി സുഗതനെ വൈസ് പ്രസിഡന്റാക്കി. മര്യാപുരം ശ്രീകുമാര്‍, ജി സുബോധനന്‍, ജിഎസ് ബാബു എന്നിവരെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷന്റെ ചുമതല വഹിക്കുന്ന എന്‍ ശക്തനെയും ഒഴിവാക്കി. കെപിസിസി വൈസ് പ്രസിഡന്റായിരുന്നു.
















