ലക്നൗ : യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മകന്റെ മൃതദേഹം ഏറ്റുവാങ്ങാതെ പിതാവ് . ഏഴ് വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ ഷഹ്‌സാദിനെയാണ് മീററ്റ് പോലീസ് വെടിവച്ച് കൊന്നത് .
ഇയാൾക്കെതിരെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ അടുത്തിടെ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ഷഹ്സാദ് ആ വീട്ടിലെ അംഗങ്ങൾക്കെതിരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ സരൂർപൂർ പോലീസ് സ്റ്റേഷൻ പ്രദേശത്തെ വനത്തിനടുത്ത് വച്ച് പിടികൂടാൻ ശ്രമിച്ച പൊലീസിന് നെരെ ഷഹ്സാദ് വെടിയുതിർത്തു. പ്രത്യാക്രമണത്തിനിടെ പൊലീസിന്റെ വെടിയേറ്റ് ഷഹ്സാദ് മരിക്കുകയായിരുന്നു. മൃതദേഹം ഏറ്റുവാങ്ങാൻ പിതാവ് റൈസുദ്ദീനെയും കുടുംബത്തെയും മോർച്ചറിയിലേക്ക് വിളിപ്പിച്ചപ്പോൾ, പിതാവ് മകന്റെ മൃതദേഹം സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു.
അഞ്ച് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടും മകൻ നന്നായില്ലെന്നും , യോഗി ചെയ്തത് നല്ല കാര്യമാണെന്നുമാണ് ഷഹ്‌സാദിന്റെ പിതാവ് റൈസുദീൻ പറഞ്ഞത് . “ഞാൻ മൃതദേഹം കൊണ്ടുപോകില്ല. എന്റെ ജീവിതം മുഴുവൻ ശല്യപ്പെടുത്തിക്കൊണ്ടാണ് അവൻ ജീവിച്ചത് . ഇന്ന് ഞാൻ സമാധാനത്തോടെ ഉറങ്ങും. ഒൻപതാം വയസ്സിൽ കുറ്റകൃത്യങ്ങൾ ആരംഭിച്ചതാണവൻ . അവനെ നല്ലവനാക്കാനുള്ള എല്ലാ ശ്രമങ്ങളെയും അവൻ തകർത്തു. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഭാര്യയെ ഉപേക്ഷിച്ചു പോയവനാണ് ഷഹ്സാദ്.
9-10 വയസ്സ് പ്രായമുള്ള പെൺകുട്ടികളെ ഉപദ്രവിച്ചു വരികയായിരുന്നു .ഇത്രയും ക്രൂരനായ ഒരാൾ മരിച്ചാൽ നന്നായിരിക്കും. എനിക്ക് വളരെ സന്തോഷമുണ്ട്.ഇന്ന് ഞാൻ സന്തോഷവാനാണ്. അയാളെ കൊന്നതിന് യോഗി സർക്കാരിനും പോലീസിനും അഭിനന്ദനങ്ങൾ. “ എന്നാണ് റൈസുദീൻ പറഞ്ഞത്.
















