പാലക്കാട്: കണ്ണാടി ഹയര്‍സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്ലാസ് ടീച്ചർ ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെ സസ്‌പെൻഡ് ചെയ്‌ത് സ്‌കൂൾ മാനേജ്‌മെന്റ്. ഡിഇഒയുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം.സംഭവത്തിൽ അധ്യാപികക്കെതിരെ ഗുരുതരമായ ആരോപണവുമായി അര്‍ജുന്റെ കുടുംബവും സഹപാഠികളും രംഗത്തെത്തിയിരുന്നു.
അധ്യാപകർക്കെതിരെ വകുപ്പുതല അന്വേഷണം തുടരുമെന്നും മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. അധ്യാപികയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടാൽ കർശന നടപടിയെടുക്കുമെന്നും സ്‌കൂൾ മാനേജ്‌മെന്റ് വ്യക്തമാക്കി. അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു. എന്നാൽ, രക്ഷിതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു നേരത്തേ പ്രധാനാദ്ധ്യാപിക ലിസി മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അർജുന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെ കുട്ടികൾ സ്‌കൂളിൽ പ്രതിഷേധം നടത്തിയിയിരുന്നു. തുടർന്ന് എഇഒയും ഡിഇഒയും എത്തി കുട്ടികളോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. ഇതിന് ശേഷമാണ് അന്വേഷണ വിധേയമായി അദ്ധ്യാപികമാരെ സസ്‌പെൻഡ് ചെയ്‌തത്. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നു.
















