ന്യൂദല്‍ഹി: ദേവസ്വം മന്ത്രിക്ക് ആചാരങ്ങളെക്കുറിച്ച് പ്രാഥമികവിവരം പോലുമില്ലെന്ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി വള്ളസദ്യ വിവാദം തെളിയിക്കുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍.
ദേവന് നിവേദിക്കും മുമ്പ് മന്ത്രിക്കുള്‍പ്പെടെ സദ്യവിളമ്പി എന്നത് ഞെട്ടിക്കുന്ന വിവരമാണ്. വാസവനെ കുറ്റം പറയാനാവില്ല, കാരണം അദ്ദേഹത്തിന് എന്ത് ദേവന്‍, എന്ത് വിശ്വാസമെന്നും മുരളീധരന്‍ പറഞ്ഞു. അവിശ്വാസികള്‍ ദേവസ്വം കൈകാര്യം ചെയ്യുന്നതാണ് പ്രശ്നമെന്നും മുരളീധരന്‍ വിമര്‍ശിച്ചു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആരോപണവിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ എടുക്കാത്തത് സംശയാസ്പദമാണ്. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പദ്മകുമാറിനും തെളിവുകള്‍ നശിപ്പിക്കാനുള്ള സമയം നല്‍കുകയാണ്. നിലവിലെ ദേവസ്വം ബോര്‍ഡിനും തട്ടിപ്പില്‍ പങ്കുണ്ട്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും മുരളീധരന്‍ ആവര്‍ത്തിച്ചു.
















