തിരുവല്ല: കണ്ണൂര്‍ മുന്‍ എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണത്തിന് ഒരാണ്ടു തികഞ്ഞിട്ടും കുടുംബത്തിന് നീതി ഇന്നും അകലെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കണമെന്ന സഹോദരന്‍ അഡ്വ. കെ. പ്രവീണ്‍ ബാബു നല്‍കിയ പരാതിയില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.
കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷനിലാണ് സഹോദരന്റെ മരണവിവരം അറിഞ്ഞെത്തിയ ഉടന്‍ പ്രവീണ്‍ ബാബു പരാതി നല്‍കിയത്. ഈ പരാതി പോലീസ് സ്വീകരിച്ചതല്ലാതെ തുടര്‍നടപടി ഒന്നുമെടുത്തില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. ബി. രാധാകൃഷ്ണ മേനോന്‍, എ.വി. ശിവപ്രസാദ് എന്നിവര്‍ ഇന്നലെ നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. എഡിഎമ്മിന്റേത് ആത്മഹത്യ അല്ലെന്നും അന്വേഷണം നിലച്ച മട്ടിലാണെന്നും രാഷ്‌ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ ഈ കേസിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ബി. രാധാകൃഷ്ണമേനോന്‍ ആവശ്യപ്പെട്ടു. വി.എസ്. ഹരീഷ്ചന്ദ്രന്‍, ജയചന്ദ്രന്‍, കെ.പി. ഹരിദാസ് വാര്‍ഡ് മെമ്പര്‍ ഷിബ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.















