ന്യൂദല്‍ഹി: 2030 ലെ കോമൺവെൽത്ത് ഗെയിംസിന്റെ നിർദ്ദിഷ്ട ആതിഥേയ നഗരമായി ഇന്ത്യയിലെ അഹമ്മദാബാദിനെ ശുപാർശ ചെയ്യുമെന്ന് കോമൺവെൽത്ത് സ്‌പോർട്‌സിന്റെ എക്‌സിക്യൂട്ടീവ് ബോർഡ് സ്ഥിരീകരിച്ചു. 2025 നവംബർ 26 ന് ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോമൺവെൽത്ത് സ്‌പോർട്‌സ് ജനറൽ അസംബ്ലിയിൽ അന്തിമ തീരുമാനം എടുക്കും. 2010 ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിച്ചത് ന്യൂഡൽഹിയിലായിരുന്നു.
കോമൺവെൽത്ത് സ്‌പോർട്‌സ് ഇവാലുവേഷൻ കമ്മിറ്റി മേൽനോട്ടം വഹിച്ച വിശദമായ പ്രക്രിയയ്‌ക്ക് ശേഷമാണ് അഹമ്മദാബാദിനെ ശുപാർശ ചെയ്തത്. സാങ്കേതിക നിർവ്വഹണം, കായികതാരങ്ങളുടെ അനുഭവം, അടിസ്ഥാന സൗകര്യങ്ങൾ, ഭരണം, കോമൺവെൽത്ത് സ്പോർട്സ് മൂല്യങ്ങളുമായുള്ള യോജിപ്പ് എന്നിവയുൾപ്പെടെ വിവിധ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ആതിഥേയ നഗരങ്ങളെ വിലയിരുത്തുന്നത്. ഇന്ത്യയിലെ അഹമ്മദാബാദും നൈജീരിയയിലെ അബുജയുമായിരുന്നു കോമൺവെൽത്ത് ഗെയിംസിന്റഎ അഭിലാഷവും സാധ്യതയും പ്രതിഫലിപ്പിക്കുന്ന ശ്രദ്ധേയമായ നിർദ്ദേശങ്ങൾ സമർപ്പിച്ചത്.1930-ൽ കാനഡയിലെ ഹാമിൽട്ടണിൽ നടന്ന ഉദ്ഘാടന പരിപാടിയുടെ ശതാബ്ദി ആഘോഷിക്കുന്നതായിരിക്കും 2030 ഗെയിംസ്.
















