പത്തനംതിട്ട: കെഎസ്ആര്‍ടിസിയില്‍ നിയമനത്തിന് പോലീസിലേത് പോലെ ഫിറ്റ്നെസ് ടെസ്റ്റ് ഏര്‍പ്പെടുത്താന്‍ പിഎസ്‌സിയോട് ആവശ്യപ്പെടുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഗതാഗത വകുപ്പിന്റെ സംസ്ഥാനതല സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്‌ദേഹം.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശത്താലാണ് എയര്‍ ഹോണ്‍ അഴിച്ചു മാറ്റാന്‍ ഉത്തരവിട്ടതെന്നും ഇത് നടപ്പിലാക്കുക മാത്രമാണ് വകുപ്പ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിങ് പരീക്ഷ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം ടാബ് നല്‍കും. പരീക്ഷ കഴിഞ്ഞ് വിജയികളാകുന്നവര്‍ക്ക് അപ്പോള്‍ തന്നെ ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കും. ഓഫീസില്‍ ചെന്നുള്ള കാലതാമസം ഇതോടെ ഒഴിവാകും.
നിര്‍മിത ബുദ്ധി അടക്കം ഉപയോഗിച്ച് കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. നിര്‍മിത ബുദ്ധി സഹായത്താല്‍ ഷെഡ്യൂള്‍ പരിഷ്‌കരിക്കും. പലപ്പോഴും ഒരേ സമയം തുടര്‍ച്ചയായി ബസുകള്‍ ഒരേ റൂട്ടില്‍ പോകുന്ന സാഹചര്യമുണ്ട്. നിര്‍മിത ബുദ്ധിയാല്‍ പുതിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇതിന് പരിഹാരമുണ്ടാക്കും. ഒരേ റൂട്ടില്‍ കൃത്യമായ ഇടവേളയിലാണ് ബസ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കും. ജി.പി.എസ് സഹായത്താല്‍ ഗതാഗത കുരുക്ക് മുന്‍കൂട്ടി അറിഞ്ഞ് ഷെഡ്യൂള്‍ നിശ്ചയിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
















