തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിന്‌റെ ഒഴിവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാവാന്‍ കാത്തിരുന്ന അബിന്‍ വര്‍ക്കിയെ ദേശീയ രാഷ്‌ട്രീയത്തിലേക്ക് നാടുകടത്തിയ ഹൈക്കമാന്‍ഡിന്‌റെ നടപടിയോട് വിയോജിച്ച് കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യ സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയില്‍ കല്ലുകടികളുണ്ടെന്ന് തിരുവഞ്ചൂര്‍ സമ്മതിച്ചു. കേരളത്തില്‍ നില്‍ക്കണമെന്നത് അബിന്‍ വര്‍ക്കിയുടെ താത്പര്യമാണ്. അദ്‌ദേഹത്തിന്റെ താത്പര്യം ഹൈക്കമാന്‍ഡ് പരിഗണിക്കണമെന്നാണ് തിരുവഞ്ചൂരിന്‌റെ ആവശ്യം. കേരളത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായക രാഷ്‌ട്രീയ സാഹചര്യമാണുള്ളത്. മുന്നിലുള്ള രാഷ്‌ട്രീയ ലക്ഷ്യം കൈവരിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ആ ഘട്ടത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന തോന്നലുണ്ടാക്കരുതെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.
















