കാസര്‍കോട് : ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ കാര്‍ അപകടത്തില്‍ പെട്ടു. ഇതിനകം വിദ്യാര്‍ത്ഥിനി മരിച്ചു. അമ്മയ്‌ക്കും സഹോദരനും അപകടത്തില്‍ പരിക്കേറ്റു. കുറ്റിക്കോല്‍ ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് പരേതനായ ബാബുവിന്റെ മകളും നുള്ളിപ്പാടിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുമായ മഹിമയാണ് (20) മരിച്ചത്.
ബുധനാഴ്ച രാവിലെയാണ് മഹിമയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ അമ്മ വനജയും സഹോദരന്‍ മഹേഷും വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. ആ സമയം മഹിമയ്‌ക്ക് ജീവനുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇവര്‍ സഞ്ചരിച്ച കാര്‍ യാത്രാമധ്യെ അപകടത്തില്‍ പെടുകയായിരുന്നു. നാട്ടുകാര്‍ മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹിമ ഇതിനകം മരിക്കുകയായിരുന്നു.
















