പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഒക്ടോബർ 17ന് വൈകുന്നേരം 4 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുലാമാസം ഒന്നിന്, അതായത് ഒക്ടോബർ 18ന് രാവിലെ അഞ്ചുമണി മുതൽ ഭക്തർക്കായി ദർശനം അനുവദിക്കുന്നതാണ്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള പുതിയ മേൽശാന്തിമാരെ നറുക്കെടുക്കുന്ന ചടങ്ങും തുലാമാസം ഒന്നിന് രാവിലെ സന്നിധാനത്ത് വെച്ച് നടക്കും. ഈ മാസം 22ന് രാഷ്‌ട്രപതി ദൗപതി മുർമു ശബരിമല ദർശനത്തിനായി എത്തുന്നത് പരിഗണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. രാഷ്‌ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 22ന് ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്.
















