കൊച്ചി: പളളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി സംസാരിച്ചത് കാര്യങ്ങൾ പഠിക്കാതെയെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന. സ്കൂളിന് എല്ലാ കുട്ടികളും ഒരുപോലെയാണ്. യൂണിഫോം നിശ്ചയിക്കാൻ സ്കൂൾ മാനേജ്മെന്റിന് അധികാരമുണ്ട്. കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ലെന്നും സിസ്റ്റര്‍ ഹെലീന പറഞ്ഞു.
വിവാദത്തിൽ സർക്കാരിന് രേഖാമൂലം മറുപടി നൽകിയതായും പ്രിൻസിപ്പൽ അറിയിച്ചു. ഹിജാബ് ധരിച്ചതിന്റെ പേരിൽ കുട്ടിയെ പുറത്താക്കിയിട്ടില്ല, ഹിജാബ് ധരിച്ച് തന്നെയാണ് ആർട്സ് ഡേയിൽ പങ്കെടുത്തത്. ഡിഡിഇ നൽകിയത് സത്യവിരുദ്ധമായ റിപ്പോർട്ടാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിക്കെതിരെ സ്കൂൾ PTA പ്രസിഡൻ്റും രംഗത്തെത്തി. സ്‌കൂള്‍ യൂണിഫോം ധരിച്ച് കുട്ടിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ പറഞ്ഞു.
മുന്‍ നിലപാടില്‍ നിന്നും ഒരു മാറ്റവുമില്ല. കുട്ടിയുടെ അവകാശത്തിന് മുകളിലാണ് സ്‌കൂളിന്റെ അവകാശം. സ്‌കൂള്‍ യൂണിഫോം ധരിച്ച് സ്‌കൂളിലെത്താമെന്ന് കുട്ടിയും രക്ഷിതാവും സമ്മതിച്ചതാണ്. പിന്നീട് മന്ത്രി പ്രതികരണവുമായി എത്തിയത് ശരിയായില്ലെന്നും പിടിഎ പ്രസിഡന്റ് വ്യക്തമാക്കി.
















