അന്റനനാരിവോ: ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ മഡഗാസ്കറിലും ജെന്‍സി പ്രക്ഷോഭം. യുവജന പ്രക്ഷോഭം ശക്തമായതോടെ പ്രസിഡന്റ് ആന്‍ഡ്രി രജോലിന രാജ്യംവിട്ടു. തലസ്ഥാനമായ അന്റനനാരിവോയില് മൂന്നാഴ്ചയായി യുവാക്കളുടെ പ്രതിഷേധം നടന്നുവരികയായിരുന്നു. അതിനിടയിലാണ് പ്രസിഡന്റ് നാടുവിട്ടത്.
രജോലിന രാജിവെച്ചൊഴിയണമെന്നാവശ്യപ്പെട്ടാണ് യുവാക്കള്‍ അന്റനനാരിവോയിലെ തെരുവിലിറങ്ങിയത്. ജനറല്‍ ഇസഡ് മാഡ എന്ന പേരിലാണ് ഈ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്.
പ്രതിപക്ഷവും ഈ പ്രതിഷേധങ്ങളെ പിന്തുണച്ചു. ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. പ്രസിഡന്റ് രാജ്യം വിട്ടതോടെ കാപ്സാറ്റ് എന്നറിയപ്പെടുന്ന സൈനിക യൂണിറ്റ് എല്ലാ സായുധ സേനകളുടേയും നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. പുതിയ സൈനിക മേധാവിയേയും നിയമിച്ചു.
അതേസമയം രാജ്യംവിട്ടെങ്കിലും താന്‍ സുരക്ഷിതനാണെന്ന് രജോലിന ഫേസ്ബുക്കിലൂടെ അറിയിച്ചു. തനിക്ക് നേരെ കൊലപാതക ശ്രമങ്ങള്‍ ഉണ്ടായെന്നും ജീവന് ഭീഷണിയുണ്ടെന്നും രജോലിന അറിയിച്ചു. സൈന്യവും രാഷ്ട്രീയ നേതാക്കളുമായി ചേര്‍ന്ന് തന്നെ അപായപ്പെടുത്താന്‍ നീക്കമുണ്ടെന്നും സൈനിക അട്ടിമറിക്കും ശ്രമിക്കുന്നതായാണ് ആരോപണം.
എന്നാല്‍ രാജ്യത്ത് സൈനിക അട്ടിമറി നടന്നുവെന്ന വാര്‍ത്തകള്‍ കാപ്സാറ്റ് കമാന്‍ഡറായ കേണല്‍ മൈക്കിള്‍ റാന്ഡ്രിയാനിറിന നിഷേധിച്ചു. അതിനിടെ രജോലിന പാര്‍ലമെന്റ് പിരിച്ചുവിടാനും ഉത്തവിട്ടെങ്കിലും നിയമസാധുത ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
രജോലിന എവിടേയ്ക്കാണ് കടന്നതെന്ന് വ്യക്തമല്ലെങ്കിലും ഫ്രഞ്ച് സൈന്യത്തിന്റെ വിമാനത്തിലാണ് മഡഗാസ്കര്‍ വിട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മഡഗാസ്കറിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ഫ്രാന്‍സ് താത്കാലികമായി നിര്‍ത്തി.











