ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യം, വെനസ്വേല. 1920 ല്‍ ഈ ശേഖരം കണ്ടെത്തിയതിന് ശേഷം ആ രാജ്യത്തിന്റെ വളര്‍ച്ച ആവേശകരമായിരുന്നു. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ സമ്പന്നരാജ്യങ്ങളിലൊന്നായിരുന്ന വെനസ്വേല 90 കളുടെ അവസാനത്തോടെ തകര്‍ച്ചയെ നേരിട്ടു- കൃത്യമായി പറഞ്ഞാല്‍ 1999 ല്‍ ഹ്യൂഗോ ഷാവേസ് എന്ന ഇടത് പക്ഷ സ്വേച്ഛാധിപതി ആ രാജ്യത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റതുമുതല്‍. മോശം ഭരണവും തെറ്റായ തീരുമാനങ്ങളും സാമ്പത്തികവും രാഷ്‌ട്രീയവുമായ അധഃപതനത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചു. കടുത്ത ഇടതുപക്ഷക്കാരനായിരുന്ന ഷാവേസിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത സാമ്പത്തിക നയങ്ങള്‍ക്ക് ഇരകളായത് ജനങ്ങളായിരുന്നു. എന്നാല്‍, ആ ദുര്‍ഭരണത്തിനെതിരെ ഉയര്‍ന്നുവന്ന ഒരു പെണ്‍സ്വരം അവിടുത്തെ ജനങ്ങള്‍ക്ക് പ്രത്യാശയേകി. അവര്‍ ഷാവേസിന്റെ കടുത്ത വിമര്‍ശകയായി. തന്നെ അടിച്ചമര്‍ത്താനുള്ള എല്ലാ ഭരണകൂട ശ്രമങ്ങളേയും അവര്‍ അതിജീവിച്ചു. ജനങ്ങള്‍ക്കിടയിലെ യഥാര്‍ത്ഥ പോരാളിയായി. ശക്തമായ പ്രതിപക്ഷമായി അവര്‍ നിലകൊണ്ടു. അവരാണ് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയായ മരിയ കൊറീന മച്ചാഡോ.
ആ നേട്ടത്തില്‍ അസ്വസ്ഥരാകുന്ന ചിലരുണ്ട് നമ്മുടെ ഈ കേരളത്തിലും. കാരണം മച്ചാഡോയുടെ പോരാട്ടം സ്വേച്ഛാധിപതികളായ ഇടതുപക്ഷ ഭരണകൂടത്തിനെതിരെയായിരുന്നു.
സാമ്പത്തികത്തകര്‍ച്ച നേരിടുന്ന, ഉത്പാദനത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്ന, പണപ്പെരുപ്പത്താല്‍ നട്ടംതിരിയുന്ന, ഭക്ഷണത്തിനും മരുന്നിനും പോലും ക്ഷാമം നേരിടുന്ന തന്റെ രാജ്യത്തെ ഭരണപ്രതിസന്ധിയില്‍ നിന്നു കരകയറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതിപക്ഷ നേതാവെന്ന നിലയില്‍ മരിയ കൊറീന മച്ചാഡോയുടെ പ്രവര്‍ത്തനം. 2013 ല്‍ ഷാവേസിന്റെ മരണത്തെ തുടര്‍ന്ന് നിക്കോളാസ് മഡുറോ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. ഷാവേസിന്റെ ഭരണപരാജയത്തെ തിരുത്തുകയല്ല, പകരം അതേശൈലി പിന്‍പറ്റുകയായിരുന്നു അദ്ദേഹം. ജനം ഭരണമാറ്റം ആഗ്രഹിച്ചുവെങ്കിലും 2013 ഏപ്രില്‍ 14 ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് വെനസ്വേലയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മഡുറോ 50.62 ശതമാനം വോട്ടു നേടി വിജയിച്ചു.
കടുത്ത ക്ഷാമത്താല്‍ ജീവിതം നരകതുല്യമായപ്പോള്‍ വെനസ്വേലയിലെ ജനം തെരുവിലിറങ്ങി, സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു. ആ പ്രതിഷേധങ്ങളെ മുന്നില്‍ നിന്ന് നയിച്ചത് മച്ചാഡോയായിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ മരണങ്ങളുടെ പേരില്‍ 29 കൊലപാതക കുറ്റങ്ങള്‍ വരെ ചുമത്തി ഭരണകൂടം അവരെ തളര്‍ത്താന്‍ നോക്കി. 2014 മാര്‍ച്ച് 22 ന് മച്ചാഡോയെ കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടയച്ചു.
തെരഞ്ഞെടുപ്പ് അട്ടിമറികളിലൂടെ ഭരണം നിലനിര്‍ത്തുന്നതില്‍ കുപ്രസിദ്ധി നേടിയ മഡുറോയുടെ ഭരണത്തിന്‍ കീഴിലും അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും സാമ്പത്തിക പ്രതിസന്ധിയും തുടര്‍ക്കഥയായി. 2024 ജൂലൈയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയവും അധാര്‍മികതയിലൂടെയാണ് മഡുറോ നേടിയത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ തടവിലാക്കപ്പെട്ടു. പീഡനത്തിന് ഇരയായവരും അനേകം. കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് അന്ന് വെനസ്വേലയില്‍ അരങ്ങേറിയത്. ലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്തു. ഭക്ഷണവും വെള്ളവും ഇല്ലാതെ ജനം നരകിച്ചു. 2024 ലെ തെരഞ്ഞെടുപ്പില്‍ മഡുറോ വിജയിച്ചതായി തെരഞ്ഞെടുപ്പ് കൗണ്‍സില്‍ പ്രഖ്യാപിച്ചത് വലിയ പ്രതിഷേധത്തിന് വഴിതെളിച്ചു. യഥാര്‍ത്ഥ വിജയി പ്രതിപക്ഷ സ്ഥാനാര്‍ത്ഥി എഡ്മുണ്ടോ ഗോണ്‍സാലസ് ആണെന്നതിന് തെളിവുകളുണ്ടായിട്ടും ഭരണമൊഴിയാന്‍ മഡുറോ തയ്യാറായില്ല. ജനങ്ങളും തെരഞ്ഞെടുപ്പ് വിധിക്ക് എതിരായിരുന്നു. ജനപിന്തുണയില്ലാതെയുള്ള മഡുറോയുടെ ഭരണത്തെ അംഗീകരിക്കില്ലെന്ന നിലപാടാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ സ്വീകരിച്ചതും.
ഇവിടെയാണ് മച്ചാഡോയുടെ ജനാധിപത്യ പുനസ്ഥാപനത്തിനായുള്ള പോരാട്ടം പ്രസക്തമാകുന്നതും. ഒരുകാലത്ത് ജനാധിപത്യത്തിനും ധനസമൃദ്ധിക്കും പേരുകേട്ട വെനസ്വേലയുടെ ഗരിമയെ വീണ്ടെടുക്കുന്നതിനുള്ള ശ്രമമാണ് തീവ്രവലതുപക്ഷ ചിന്താഗതിക്കാരിയായ മരിയ കൊറീന മച്ചാഡോ പതിറ്റാണ്ടുകളായി നടത്തുന്നത്. 2024 ജൂലൈ 28 ന് തന്നെ വെനസ്വലയിലെ ജനത ഭരണമാറ്റത്തിന് വിധിയെഴുതിയതായി മച്ചാഡോ പറയുന്നു.
സ്വേച്ഛാധിപത്യത്താല്‍ ജനാധിപത്യത്തിന് മേല്‍ ഇരുട്ടിന്റെ തടവറ തീര്‍ക്കുന്ന ഇടതുപക്ഷ ഭരണകൂടത്തിനെതിരെ നിരന്തരം പോരാടുന്ന, ജനാധിപത്യത്തിന്റെ ജ്വാല അണയാതെ കാക്കുന്ന സമാധാനത്തിന്റെ ചാമ്പ്യനാണ് മരിയ കൊറീന മച്ചാഡോ എന്നതില്‍ തര്‍ക്കമില്ല. ലാറ്റിന്‍ അമേരിക്കയിലെ സിവിലിയന്‍ ധൈര്യത്തിന്റെ ഏറ്റവും അനിതരസാധാരണമായ ഉദാഹരണങ്ങളില്‍ ഒരാളാണ് മച്ചാഡോ എന്നാണ് നൊബേല്‍ പുരസ്‌കാര നിര്‍ണയ സമിതിയുടെ വിലയിരുത്തല്‍. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയുമാണ്. ജനാധിപത്യത്തിന്റെ സൗന്ദര്യത്തില്‍ വിശ്വാസമില്ലാത്തവര്‍ മാത്രമാണ് ആ നേട്ടത്തെ എതിര്‍ക്കുന്നത്. ഇടതുപക്ഷം എവിടെയും തല്‍സ്വരൂപം കാണിക്കുമല്ലോ. ജനങ്ങളെ കബളിപ്പിച്ചും പൊതുമുതല്‍ കൊള്ളയടിച്ചും ദേവന്റെ സ്വത്തുവകകള്‍ വരെ അടിച്ചുമാറ്റിയും ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്ന കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിന്റെ അനുയായികളും, മച്ചാഡോയുടെ നൊബേല്‍ നേട്ടത്തെ വിമര്‍ശിക്കുന്നത് സ്വാഭാവികം. പക്ഷെ, അതുകൊണ്ടൊന്നും മങ്ങുന്നതല്ല അവരുടെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെയും പുരസ്‌കാര നേട്ടത്തിന്റെയും പ്രഭ.
















