ഗാസ: നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങൾ കൂടി വിട്ടുനൽകി ഹമാസ്. ഹമാസ് ആയുധം താഴെ വെക്കണമെന്നും അല്ലെങ്കിൽ അമേരിക്ക അവരെ നിരായുധീകരിക്കുമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കൂടുതൽ മൃതദേഹങ്ങൾ വിട്ടു നൽകിയത്. അതേസമയം ഹമാസ് സമാധാന കരാർ ലംഘിച്ചെന്നും അതിനാൽ ഗാസയിലേക്കുള്ള അന്താരാഷ്‌ട്ര സഹായം നിയന്ത്രിക്കാനും ഈജിപ്തിലേക്കുള്ള തെക്കൻ അതിർത്തി തുറക്കുന്നത് വൈകിപ്പിക്കാനും തീരുമാനിച്ചതായി ഇസ്രയേൽ പ്രഖ്യാപിച്ചു.
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കാൻ കഴിയുന്നില്ലെന്നാണ് ഹമാസിന്റെ വിശദീകരണം.ആയുധങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കില്ലെന്ന നിലപാടിൽ ഹമാസ് ഉറച്ചുനിൽക്കുന്നു. അതേസമയം, ഹമാസ് ആയുധങ്ങൾ വെച്ച് കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസ് അങ്ങനെ ചെയ്തില്ലെങ്കിൽ യുഎസ് വേഗത്തിലുള്ളതും ഒരുപക്ഷേ അക്രമാസക്തവുമായ നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മില്ലിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.
മധ്യസ്ഥർ വഴിയാണ് താൻ ഹമാസിന് സന്ദേശം നൽകിയതെന്ന് ട്രംപ് പറഞ്ഞു .മേഖലയിലെ ചരിത്രപരമായ സമാധാന ഉച്ചകോടിക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ട്രംപിന്റെ പ്രസ്താവന. 20 പോയിന്റ് സമാധാന പദ്ധതിയുടെ ഭാഗമായി ഹമാസും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടു. തിങ്കളാഴ്ച, ഹമാസ് ശേഷിച്ച അവസാനത്തെ ഇസ്രായേലി ബന്ദികളെ വിട്ടയച്ചു, അതേസമയം കരാറിന്റെ ഭാഗമായി ഇസ്രായേൽ നിരവധി പലസ്തീൻ തടവുകാരെ മോചിപ്പിച്ചു.
ഇതിനിടെ, ഇസ്രയേൽ സേന ഒഴിഞ്ഞു പോയ ഗാസയുടെ നിയന്ത്രണം ഹമാസ് എറ്റെടുത്തു. ഏഴ് വിമതരെ ഹമാസ് തെരുവിൽ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നു. വീഡിയോ സ്ഥിരീകരിച്ച ഹമാസ് ഇത് തിങ്കളാഴ്ച ചിത്രീകരിച്ചതാണെന്നും സമ്മതിച്ചിട്ടുണ്ട്.
















