ഇടുക്കി: ജാര്‍ഖണ്ഡില്‍ മൂന്ന് പൊലീസുകാരെ ബോംബ് വച്ച് കൊല ചെയ്ത കേസിലെ പ്രതിയെ പിടികൂടിയത് മൂന്നാറില്‍ നിന്ന്. ജാര്‍ഖണ്ഡ് സ്വദേശി സഹന്‍ ടുടി ദിനബുവിനെയാണ് ഒളിവില്‍ കഴിയവെ എന്‍ഐഎ പിടികൂടിയത്. 2021ല്‍ ജാര്‍ഖണ്ഡില്‍ സ്‌ഫോടനത്തിലൂടെ പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ 33-ാം പ്രതിയാണ് മാവോയിസ്റ്റ് നേതാവായ ഇയാള്‍.
ഒന്നരവര്‍ഷം മുമ്പ് ആണ് പ്രതി കേരളത്തിലെത്തിയത്. ഗൂഡാര്‍വിള എസ്റ്റേറ്റില്‍ ഭാര്യയ്‌ക്കും കുട്ടിക്കുമൊപ്പം താമസിച്ചുവരികയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി മൂന്നാര്‍ പൊലീസിന്റെ സഹായത്തോടെ എസ്റ്റേറ്റില്‍നിന്ന് പിടികൂടുകയായിരുന്നു.
സഹനൊപ്പം കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.
















