ഹൈദ്രാബാദ്: മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അധിക്ഷേപകരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചെന്ന കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്‌റെ പരാതിയില്‍ അറസ്റ്റ് നേരിടുന്ന തെലങ്കാനയിലെ രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച പ്രത്യേക അവധി ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി.
പള്‍സ് ന്യൂസിന്റെ മാനേജിംഗ് ഡയറക്ടര്‍ പൊഗദന്ദ രേവതിയെയും റിപ്പോര്‍ട്ടര്‍ തന്‍വി യാദവിനെയും പോലീസ് കസ്റ്റഡിയില്‍ വിടാന്‍ നിര്‍ദ്ദേശിച്ച സെഷന്‍സ് കോടതി ഉത്തരവ് ശരിവച്ച തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
മാര്‍ച്ച് 12 ന് ഇവരെ അറസ്റ്റ് ചെയ്‌തെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ സെഷന്‍സ് കോടതിയും തിങ്കളാഴ്ച ഹൈക്കോടതിയും പ്രതികൂല ഉത്തരവിറക്കി്.
ഏഴ് മാസത്തെ ജാമ്യത്തിന് ശേഷം, മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി ഉത്തരവ് കാരണം അറസ്റ്റ്, ഓഫീസ് പിടിച്ചെടുക്കല്‍ എന്നിവ ഭയപ്പെടുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചില്‍ ബോധിപ്പിച്ചു. തുടര്‍ന്നായിരുന്നു ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.
മാധ്യമപ്രവര്‍ത്തകരെ ജയിലിലയച്ച് നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് പ്രതിപക്ഷ കക്ഷിയായ ബിആര്‍എസ് ആരോപിച്ചു
















