പാലക്കാട് : കല്ലടിക്കോട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍.മൂന്നേക്കര്‍ മരുതുംകാട് സ്വദേശി ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. രണ്ടു പേരും അയല്‍വാസികളാണ്. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് നാടന്‍ തോക്കും കണ്ടെടുത്തു
നിതിന്റെ വീട്ടിലാണ് ഇയാളുടെ മൃതദേഹം കണ്ടത്. സമീപത്തെ റോഡിലാണ് ബിനുവിന്റെ മൃതദേഹം കാണപ്പെട്ടത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ നിതിന്റെ വീട്ടിലേക്ക് എത്തിയ ബിനു നിതിനുമായി തര്‍ക്കമുണ്ടായെന്നും അതിനിടെ സംഭവിച്ചതാണെന്നുമാണ് പ്രാഥമിക വിവരം.ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ സംഭവസ്ഥലത്ത് എത്തി. പ്രദേശവാസികളില്‍ ഒരാള്‍ ജോലി കഴിഞ്ഞു വരുമ്പോഴാണ് ബിനുവിന്റെ മൃതദേഹം കണ്ടത്.
നിതിനെ വെടിവച്ചതിനുശേഷം ബിനു സ്വയം നിറയൊഴിച്ച് മരിച്ചതാകാം എന്നാണ് നിഗമനമെന്നും വെടിവച്ചതിന് രണ്ടു മണിക്കൂര്‍ മുമ്പ് വരെ ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.ശാസ്ത്രീയ പരിശോധനയ്‌ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
ബിനു രണ്ട് ദിവസം മുമ്പ് നിതിനോട് മോശമായി സംസാരിച്ചിരുന്നുവെന്ന് നിതിന്റെ അമ്മ ഷൈല മാധ്യമങ്ങളോട് പറഞ്ഞു.
















