കൊച്ചി: പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം പരിഹരിച്ചു. സ്കൂൾ നിയമം അനുസരിക്കാമെന്ന വിദ്യാർത്ഥിനിയുടെ പിതാവ് സമ്മതിച്ചതോടെയാണ് പരിഹാരം ഉണ്ടായത്. വിവാദങ്ങൾക്കില്ലെന്നും ഇതൊരു വർഗീയ വിഷയമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സ്കൂൾ യൂണിഫോം നിർബന്ധമെന്ന മാനേജുമെൻ്റ് നിലപാട് അംഗീകരിച്ച് കുട്ടി നാളെ മുതൽ സ്കൂളിലെത്തുമെന്നും പിതാവ് പറഞ്ഞു.
27 വർഷം ആയി പ്രവർത്തിക്കുന്ന, 600 ൽ അധികം കുഞ്ഞുങ്ങൾ പഠിക്കുന്ന കൊച്ചി, പള്ളുരുത്തിയിലെ സെൻ്റ് റീത്ത പബ്ലിക് സ്കൂൾ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് മത മൗലിക വാദികളുടെ എതിർപ്പുമൂലം താത്കാലികമായി അടച്ചിരുന്നു. സമത്വത്തിന്റെ പ്രതീകമായി കണക്കാക്കുന്ന സ്കൂൾ യൂണിഫോമിൽ ഒരു കുട്ടിയ്‌ക്ക് മാത്രമായി മത വസ്ത്രം വേണം എന്ന രക്ഷിതാക്കളുടെ പിടിവാശിയാണ് മത സംഘടനകളുടെ എതിർപ്പും, പ്രക്ഷോഭവും വാഗ്വാദവും തുടർന്ന് അടച്ചിടേണ്ട അവസ്ഥയിലെത്തിയത്.
സ്കൂളിന്റെ ഡ്രസ് കോഡ് തീരുമാനിക്കാനുള്ള അവകാശം മാനേജ്മെന്റിനാണ്. സ്കൂളിന്റെ മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാണെങ്കിൽ വിദ്യാർത്ഥികൾക്ക് സ്കൂളിൽ തുടരാം, അല്ലാത്തപക്ഷം അവർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകണമെന്നും കോടതി ഉത്തരവ് നിലനിൽക്കേയാണ് ഹിജാബ് വിവാദവുമായി രക്ഷിതാവ് രംഗത്ത് എത്തിയത്.
















